play-sharp-fill
പണിമുടക്ക് ഹർത്താലായി: പലയിടത്തും പരക്കെ അക്രമം; കടയടപ്പിക്കാൻ ശ്രമം; തലസ്ഥാനത്ത് ബാങ്ക് തല്ലിത്തകർത്തു

പണിമുടക്ക് ഹർത്താലായി: പലയിടത്തും പരക്കെ അക്രമം; കടയടപ്പിക്കാൻ ശ്രമം; തലസ്ഥാനത്ത് ബാങ്ക് തല്ലിത്തകർത്തു

സ്വന്തം ലേഖകൻ

കൊച്ചി: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും സംസ്ഥാനത്ത് ഹർത്താലായി. ആദ്യ ദിവസം തുറന്ന കടകൾ പോലും രണ്ടാം ദിവസവും തുറക്കാതെ വന്നതോടെ പലയിടത്തും നിരത്തുകൾ ഒഴിഞ്ഞു കിടന്നു. തിരുവനന്തപുരത്ത് തുറന്ന് പ്രവർത്തിച്ച ബാങ്കിനു നേരെയും കോഴിക്കോട് വിവിധ സ്ഥാപനങ്ങൾക്കു നേരെയും ആക്രണങ്ങളുണ്ടായിട്ടണ്ട്. പലയിടത്തും ട്രെയിൻ തടഞ്ഞതോടെ ട്രെയിൻ ഗതാഗതവും താറുമാറായി.
തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസിൽ സമരാനുകൂലികൾ ആക്രമണം നടത്തി. മാനേജരുടെ ക്യാബിനും മേശയും കംപ്യൂട്ടറും അടിച്ചു തകർത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ ഓഫീസിന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി.
അതേസമയം, ട്രഷറി ബ്രാഞ്ച് ഓഫീസ് ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകൾ 48 മണിക്കൂർ പണിമുടക്കിന് ഇന്നലെ തുടക്കമിട്ടത്.
രണ്ടാം ദിവസം ജനജീവിതം കൂടുതൽ ദുരിതമായിരിയ്ക്കുകയാണ്. ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല. സമരാനുകൂലികൾ നടത്തുന്ന ട്രെയിൻ തടയൽ മൂലം ട്രെയിൻ ഗതാഗതം പൂർണ്ണമയും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് ശബരിമല സർവിസ് ഒഴികെ കെഎസ്ആർടിസിയും സർവ്വീസ് നടത്തുന്നില്ല.

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം 18,000 രൂപയാക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികൾക്ക് മിനിമം പെൻഷൻ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച പണിമുടക്കിന്റെ ഭാഗമായി പാർലമെന്റിലേക്ക് മാർച്ച് നടത്തും. 1991 ന് ശേഷമുള്ള രണ്ടാമത്തെ ദ്വിദിന പണിമുടക്കിൽ 20 കോടിയിലേറെ തൊഴിലാളികളാണ് അണിനിരന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ പണിമുടക്കി റാലികൾ സംഘടിപ്പിച്ചു.

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിൻറെ രണ്ടാം ദിവസവും സമരക്കാർ വ്യാപകമായി ട്രെയിൻ തടയുകയാണ്. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് ആണ് സമരക്കാർ തടഞ്ഞത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ച നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിൻ തടയലിനെ തുടർന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. സംസ്ഥാനത്ത് ട്രെയിനുകൾ പലതും വൈകി ഓടുകയാണ്.

സമരത്തിന്റെ ആദ്യ ദിവസും ട്രെയിനുകൾ തടഞ്ഞിരുന്നു. ആദ്യ ദിനം വേണാട് എക്‌സ്പ്രസും രപ്തിസാഗർ എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസുമാണ് സമരക്കാർ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് പലയിടങ്ങളിലും കെഎസ്ആർടിസി സർവ്വീസ് നടത്തിയിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലയിടത്തും പ്രവർത്തിച്ചില്ലെങ്കിലും കടകമ്പോളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിച്ചിരുന്നു.

ഹർത്താലിന് സമാനമായ അവസ്ഥയാണ് കേരളത്തിൽ ഉണ്ടായത്. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ശബരിമലയിലേക്ക് മാത്രമാണ് സർവീസ് നടത്തിയത്. ഇതോടെ ജനജീവിതം സ്തംഭിക്കുകയായിരുന്നു. ട്രെയിനുകൾ തടയുകയും നിർബന്ധിതമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തിരിച്ചയയ്ക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക ജനരോഷം ഉണ്ടായി.
പണിമുടക്കിൻറെ ആദ്യ ദിവസം വിജയമായിരുന്നുവെന്നാണ് നേതാക്കളുടെ അവകാശവാദം. 20 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ വ്യക്തമാക്കുന്നത്. ഇന്ന് സമരം കൂടുതൽ ശക്തമാകുന്നതോടെ സംസ്ഥാനത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാകും.
എന്നാൽ പണിമുടക്ക് ഉത്തരേന്ത്യയിൽ തികച്ചും ഭാഗികമായിരുന്നു. മഹാരാഷ്ട്രയിലെ ബെസ്റ്റ് ബസ് സർവീസ് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.