
കോട്ടയം : എംസി റോഡ് നവീകരണത്തിനു ശേഷം സോളർ എൽഇഡി വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. പുതിയ വഴിവിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി കെൽട്രോണിനെ സമീപിച്ചിരുന്നെങ്കിലും, സോളർ വഴിവിളക്കുകളുടെ ഭാരിച്ച ചെലവാണ് പദ്ധതി നിലയ്ക്കാനുള്ള പ്രധാന കാരണം. സോളർ ബാറ്ററികളുടെ മോഷണം തടയാൻ പാനലിൽ തന്നെ ബാറ്ററി ഘടിപ്പിച്ച പുതിയ മോഡൽ വഴിവിളക്കുകൾ സ്ഥാപിക്കാനായിരുന്നു പരിഗണന. പദ്ധതിക്കായി കെൽട്രോൺ സംയുക്ത പരിശോധനയും നടത്തിയിരുന്നു.എന്നാൽ ഇതിന് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം ചെലവ് വരുമെന്നാണ് കണ്ടെത്തൽ.
കെഎസ്ടിപിക്ക് റോഡിന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് നിലവിലുള്ള പ്രവർത്തനരഹിതമായി സോളർ ലൈറ്റുകൾ സ്ഥാപിച്ചത്. കുറച്ചു നാളുകൾ മാത്രമാണ് ഇവ പ്രകാശിച്ചത്. തുരുമ്പെടുത്ത് ദ്രവിച്ച സോളർ ലൈറ്റുകൾ റോഡിൽ തന്നെയുണ്ട്. എംസി റോഡിൽ നിൽക്കുന്ന വഴിവിളക്കുകൾ മാറ്റുന്നതിലുള്ള നിയമ തടസ്സങ്ങളും പുതിയ വഴിവിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ കാരണമാണ്. ബാറ്ററികൾ വ്യാപകമായി മോഷണം പോയിരുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് ഇരുട്ടിലായിരിക്കുന്നത്. കോട്ടയം ഐഡ ജംക്‌ഷൻ മുതൽ ചെങ്ങന്നൂർ വരയുള്ള 36 കിലോമീറ്റർ റോഡാണ് ബിആം ആൻഡ് ബിസി നിലവാരത്തിൽ ഈ അടുത്തയിടെ നവീകരിച്ചത്.


