സ്റ്റേറ്റ് ബാങ്ക് എ.ടി.എം കൗണ്ടർ തീ പിടിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്
സ്വന്തം ലേഖിക
പാലോട്: സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം കൗണ്ടർ തീപിടിച്ചു നശിച്ചു. മെഷീനിൽ തീപടരുന്നതിനു മുൻപ് തീയണച്ചതുമൂലം പണം കത്തിനശിച്ചില്ല. ഷോർട് സർക്ക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ 11 മണിയോടെ ഒരു ഇടപാടുകാരൻ പണം എടുക്കാനായി കയറിയപ്പോഴാണ് കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ ബാങ്കിനെ വിവരം അറിയിച്ചു. നിമിഷ നേരം കൊണ്ട് കറുത്ത പുക പുറത്തേക്കു വ്യാപിച്ചു പ്രദേശമാകെ പടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. കൗണ്ടറിന് അനുബന്ധമായി പിന്നിലുള്ള ചെറിയ മുറിയിലെ ഇൻവെർട്ടറും യുപിഎസുമാണ് കത്തിയത്.
എ.സികളും കത്തി നശിച്ചു. ഫയർഫോഴ്‌സെത്തി വെള്ളം ചീറ്റി പുക കെടുത്തി ഉപകരണങ്ങളെല്ലാം വേർപ്പെടുത്തുകയായിരുന്നു. ഫയർഫോഴ്‌സ് സംഘത്തിലെ അൻഷാദിന് പരക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക പുറത്തേക്ക് പോകാനായി കൗണ്ടറിലെ ഗ്ലാസ് പൊട്ടിക്കുന്നതിനിടെ കൈയിലെ ഞരമ്പ്് മുറിഞ്ഞു. പൊലീസ് വാഹനത്തിൽ പാലോട് ആശുപത്രിയിലെത്തിച്ച അൻഷാദിനെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പുക ഉയരുന്നത് കണ്ടതോടെ മുകളിലത്തെ നിലയിലെ ബാങ്കിന്റെ പ്രവർത്തനം നിർത്തി വച്ചു ജീവനക്കാരെ പുറത്തിറക്കി. സ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്‌സിനെ അറിയിച്ചു. പിന്നെ വിതുരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തുന്നതുവരെയുള്ള സമയം മുഴുവനും ആശങ്കയുടെ മുൾമുനയിലായിരുന്നു സമീപ കച്ചവടക്കാരും നാട്ടുകാരും, ഒപ്പം ബാങ്കിലേക്ക് തീ പടരമോ എന്ന ആശങ്കയിലായി ബാങ്ക് ജീവനക്കാരും നിലയുറപ്പിച്ചിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group