
കോട്ടയം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.
കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ( ജൂണ്‍ 26) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുളള യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുണ്ട്. ഗുജറാത്തിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. ഇതിന്റെ ഇടിന്നലോടെ മഴയും ശക്തമായ കാറ്റോടെയുള്ള മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഉയർന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.







