സംസ്ഥാനത്ത് മഴ കനക്കുന്നു; ചെറു മിന്നല്‍ പ്രളയ സാധ്യത; ഇന്ന് ഏഴ്  ജില്ലയില്‍ ഓറഞ്ച്‌ അലര്‍ട്ട്;  കോട്ടയം തിരുവനന്തപുരം ജില്ലകളിലെ വിവിധ താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ കനക്കുന്നു; ചെറു മിന്നല്‍ പ്രളയ സാധ്യത; ഇന്ന് ഏഴ് ജില്ലയില്‍ ഓറഞ്ച്‌ അലര്‍ട്ട്; കോട്ടയം തിരുവനന്തപുരം ജില്ലകളിലെ വിവിധ താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.

ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അല‍ര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. വയനാടും കാസര്‍കോടും മാത്രമാണ് ഇന്ന് അലര്‍ട്ടില്ലാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് മീനച്ചില്‍,​ കാഞ്ഞിരപ്പള്ളി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( തിങ്കള്‍)​ ജില്ലാ തളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ മഴ രൂക്ഷമായതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴ കനക്കുന്നത്. ഇന്ന് കൂടുതല്‍ മഴ കിട്ടുക മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത.

ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമര്‍ധമായി മാറിയേക്കും. കര്‍ണാടക തമിഴ്നാട് തീരത്തായി ഒരു ന്യൂനമര്‍ദ്ദപാത്തിയും ഉണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ് ഈ സാഹചര്യം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ട്രോളിംഗ് അര്‍ധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥ വകുപ്പിന്‍റെ മഴസാധ്യത പ്രവചനം

ഓറഞ്ച് അലര്‍ട്ട്

01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.