play-sharp-fill
പ്രളയബാധിതരുടെ പതിനായിരം രൂപയിലും കൈയിട്ടു വാരി ബാങ്കുകൾ

പ്രളയബാധിതരുടെ പതിനായിരം രൂപയിലും കൈയിട്ടു വാരി ബാങ്കുകൾ

സ്വന്തം ലേഖകൻ
അങ്കമാലി: പ്രളയബാധിതർക്ക് സർക്കാർ നൽകിയ സഹായത്തിൽ കൈയിട്ടുവാരി ബാങ്കുകൾ. ദുരിതാശ്വാസ ക്യാബുകളിൽ കഴിഞ്ഞവർക്ക് സർക്കാർ നൽകുന്ന 10,000 രൂപയിലാണ് ബാങ്കുകളുടെ മനുഷ്യത്വമില്ലാത്ത കൈയിട്ടുവാരൽ. ചെങ്ങമനാട് കപ്രശ്ശേരി സ്വദേശിനിയായ വീട്ടമ്മക്ക് ദേശം കുന്നുംപുറത്തെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ അനുവദിച്ച 10,000 രൂപ പിൻവലിച്ചപ്പോൾ മിനിമം ബാലൻസ് മെയിൻറനൻസ്, എസ്.എം.എസ് ചാർജ് ഇനങ്ങളിൽ 800 രൂപ കിഴിച്ചാണ് ലഭിച്ചത്.

2017 ജനുവരി 16ന് 100 രൂപ നിക്ഷേപിച്ചാണ് വീട്ടമ്മ അക്കൗണ്ട് തുടങ്ങിയത്. അഞ്ചുമാസം കഴിഞ്ഞപ്പോൾ മെയിൻറനൻസ് ഇനത്തിൽ 86.25 രൂപ ഈടാക്കി. ബാലൻസ് 14.75 രൂപ. ഒന്നര ആഴ്ച കഴിഞ്ഞപ്പോൾ ഒരുരൂപ പലിശ അനുവദിച്ചു. അപ്പോൾ ബാലൻസ് 15.75 രൂപയായി. എന്നാൽ, ഒന്നര മാസം കഴിഞ്ഞപ്പോൾ മൊത്തം ബാലൻസ് തുകയും മെയിൻറനൻസ് ഇനത്തിൽ ഈടാക്കി. അതോടെ സീറോ ബാലൻസായി അക്കൗണ്ട്. അതിനിടെയാണ് സെപ്റ്റംബർ അഞ്ചിന് സർക്കാർ സഹായമായ 10,000 രൂപ അക്കൗണ്ടിൽ എത്തിയത്. അതോടെ ബാങ്ക് എസ്.എം.എസ് ഇനത്തിൽ 147.50 രൂപ ഈടാക്കി. രണ്ടാം കിഴിവിൽ മിനിമം ബാലൻസില്ലാതെ അക്കൗണ്ട് നിലനിർത്തിയതിന് 649.77 രൂപയും പിടിച്ചു. മൊത്തം 797.27 രൂപ വിവിധയിനത്തിൽ ഈടാക്കി.

ഇപ്പോഴത്തെ ബാലൻസായി 9202.73 രൂപയാണ് അക്കൗണ്ടിൽ വരവുവെച്ചത്. ഉടൻ തുക പിൻവലിച്ചില്ലെങ്കിൽ ബാക്കി തുകയിൽനിന്ന് ബാങ്ക് വിഴുങ്ങും. ദിവസങ്ങളോളം ഓടിനടന്ന് രേഖകളും മറ്റു നടപടികളും പൂർത്തിയാക്കിയശേഷമാണ് ബാങ്കിൽ പണമെത്തിയത്. സർക്കാർ നിർദേശത്തിന് വിരുദ്ധമായി ദുരിതാശ്വാസ സഹായധനത്തിൽനിന്ന് പിഴയീടാക്കിയത് സംബന്ധിച്ച് ബാങ്ക് അധികൃതരോട് സംസാരിച്ചപ്പോൾ പരുക്കൻ മറുപടിയാണ് ലഭിച്ചതെന്ന് വീട്ടമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 മുതൽ പ്രതിദിനം 2000 രൂപ മിനിമം ബാലൻസ് വേണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അല്ലാത്തപക്ഷം അക്കൗണ്ടിൽ നിക്ഷേപം വരുന്ന മുറക്ക് മെയിൻറനൻസ് ഇനത്തിൽ തുക ഈടാക്കും. 10,000 രൂപ സഹായം പ്രഖ്യാപിച്ചപ്പോൾ പ്രളയബാധിതർക്ക് മുഴുവൻ തുകയും ലഭ്യമാകാൻ സർക്കാർ സംവിധാനം ഒരുക്കാത്തതാണ് സാധാരണക്കാരെ ബാധിച്ചത്.