പ്രളയാനന്തരം കോലാഹലമേട്ടിൽ ഭൂമി വിണ്ടു കീറുന്നു; ജനം പരിഭ്രാന്തിയിൽ
സ്വന്തം ലേഖകൻ
ഇടുക്കി: പ്രളയാനന്തരം കോലാഹലമേട്ടിൽ ഭൂമി വിണ്ടു കീറുന്നു. മുണ്ടക്കയം ഇളംകാട് വല്യന്ത ഭാഗത്ത് മലയിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. പ്രളയകാലത്തുണ്ടായ ഉരുൾപ്പൊട്ടലിൽ പലയിടത്തും ഭൂമി ഇടിഞ്ഞുതാഴ്ന്നിരുന്നു. അത്യന്തം അപകടാവസ്ഥയിൽ നിലനിൽക്കുന്ന ഈ കുന്നിന്റെ അടിവാരത്താണ് മുണ്ടക്കയം ഇളംകാട് വല്യന്ത കൊടുങ്ങ ഭാഗം. കോലഹലമേട് തങ്ങൾപാറയുടെ അടിവാരം, കൊടുങ്ങമല ഉൾപ്പെടെ നിരവധി മലകളിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൃഷി മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടിയേറ്റ കർഷകരാണ് ഈ ഭാഗത്തുള്ളത്. വിണ്ടുകീറി ഏത് നിമിഷവും ഇടിഞ്ഞുപോകാവുന്ന അവസ്ഥയിലാണ് വാഗമൺ ഇളംകാട് റോഡ്. ചിലയിടങ്ങളിൽ 25 മീറ്ററോളം അടി താഴ്ചയിൽ ഭൂമി വിണ്ടു കീറിയിട്ടുണ്ട്. സമീപ മേഖലയിലെ പാറ ഖനനമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോട്ടയം കളക്ടർ ബി.എസ് തിരുമേനി ഉരുൾപൊട്ടലുണ്ടായ ഈ മേഖല സന്ദർശിച്ചിരുന്നു. സ്ഥിതി അതീവ ഗുരുതമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതിനെ തുടർന്ന്് ഉചിതമായ നടപടിയെടുക്കാനും നിർദേശം നൽകി.