സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ആശ്വാസമായി ട്രഷറി നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ
തിരുവന്തപുരം: സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ആശ്വാസമായി ട്രഷറി നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ . ഒക്ടോബർ 31 വരെ നൽകിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നൽകാനാണ് ജില്ലാ ട്രഷറി ഓഫീസർമാർക്ക് സർക്കാർ ഉത്തരവ് നൽകിയിട്ടുള്ളത് .
ഡിസംബർ 7 വരെ സമർപ്പിച്ച ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ മാറി നൽകാനുള്ള നിർദ്ദേശം ട്രഷറി ഡയറക്ടർ 14 ന് തന്നെ നൽകിയിരുന്നു. നവംബർ 15 നാണ് ട്രഷറി പ്രവർത്തനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ ഒക്ടോബർ 31 വരെ നൽകിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകൾ പാസ്സാക്കാനുള്ള നിർദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ കരാർ പ്രവൃത്തികളുടെ ബില്ലുകളും പാസാക്കി നൽകും.നവംബർ 15 ലെ ഉത്തരവു പ്രകാരം ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ബില്ലുകൾ മാറുന്നതിന് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പോസ്റ്റൽ സ്റ്റാമ്ബുകൾ വാങ്ങുന്നതും ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിർദേശത്തോടെ സർക്കാർ ഓഫീസുകളിലെ ദൈനം ദിന പ്രവർത്തനങ്ങൾക്കുള്ള സ്റ്റേഷനറികൾ വാങ്ങുന്നതുൾപ്പടെ ചെറിയ ചെലവുകൾ നടത്താൻ കഴിയും.
ജനങ്ങൾക്കുള്ള കത്തിടപാടിൽ ഒട്ടിക്കാനുള്ള 50 പൈസയുടെ സ്റ്റാമ്ബിനുപോലും സർക്കാരിനു പണമില്ലാത്ത അവസ്ഥ ആയിരുന്നു.. ഇതിനു മുൻപ് 1999-2001ലാണ് ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണം സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്.
വരുമാനത്തിലുണ്ടായ കുറവും ചെലവുകളിലെ വർദ്ധനയുമാണ് സംസ്ഥാനത്തിന്റെ സ്ഥിതി മോശമാക്കിയത്. ബജറ്റിൽ പ്രതീക്ഷിച്ചിരുത്തിനെക്കാൾ 20,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനി ഈ മാസം കുറഞ്ഞത് 5000 കോടി രൂപയെങ്കിലും സർക്കാർ അധികമായി കണ്ടെത്തേണ്ടിവരും. ഇതിന്റെ ഭാഗമായി ക്ഷേമനിധികളിലേയും മറ്റും ഫണ്ടുകൾ ട്രഷറികളിലേക്ക് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്