
അമ്പത്തൊന്നുകാരിയായ ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 29കാരനായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ 29കാരനായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി.
സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു പ്രതി.നെയ്യാറ്റിൻകര അഡിഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 26ന് പുലർച്ചെ 1.30നായിരുന്നു കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖാകുമാരി കൊല്ലപ്പെട്ടത്. ബെഡ് റൂമില്‍ വച്ച് ബലം പ്രയോഗിച്ച് ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളില്‍ കൊണ്ടുപോയി ഷോക്കേസിലെ ഇലക്‌ട്രിക് സോക്കറ്റില്‍ വയറ് ഘടിപ്പിച്ച് ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേടായ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തില്‍ വിതറിയിടുകയും ചെയ്തിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ സംശയം പറഞ്ഞതോടെ, പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.പത്താംകല്ല് സ്വദേശിയാണ് അരുണ്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഇലക്‌ട്രീഷ്യനായിരുന്ന അരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ശാഖാകുമാരി അരുണുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ധനികയായിരുന്നു ശാഖാകുമാരി. സ്വത്തുക്കള്‍ക്ക് അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമാണ് അരുണുമായുള്ള പ്രണയത്തിലും വിവാഹത്തിനും ഇടയാക്കിയത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം പരമരഹസ്യമാക്കി വയ്ക്കാനാണ് അരുണ്‍ ശ്രമിച്ചത്. വിവാഹത്തിനുമുമ്ബുതന്നെ അരുണ്‍ ശാഖാകുമാരിയില്‍ നിന്ന് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് കാർ , ബൈക്ക് എന്നിവ വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു. തെളിവില്ലാത്ത രീതിയില്‍ ശാഖാകുമാരിയെ കൊലപ്പെടുത്തിയശേഷം ഭർത്താവെന്നനിലയില്‍ സ്വത്തുക്കളുടെ അവകാശിയായി മാറുകയായിരുന്നു ലക്ഷ്യം. വെള്ളറട പൊലീസ് ഇൻസ്പെക്ടറായിരുന്ന എം ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്.