
ശ്രീലങ്കയിലേക്ക് പുറപ്പെടാൻ സജ്ജമായി കേരളത്തിലെ മെഡിക്കൽ സംഘം
സ്വന്തംലേഖകൻ
തിരുവനന്തപുരം: സ്ഫോടനം നടന്ന ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം പുറപ്പെടും.
15 അംഗമുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന സംഘത്തെ തയാറാക്കി എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ എട്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ മരണം 207 ആയി. 450ലധികം പേർക്ക് പരിക്കേറ്റു. ശ്രീലങ്കൻ പൗരത്വമുള്ള മലയാളി പി എസ് റസീനക്ക് പുറമെ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷൻ ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.ഈസ്റ്റർ ദിന പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കി പള്ളികളിൽ സ്ഫോടനം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 8.45 ന് തലസ്ഥാനമായ കൊളംബോ ഉൾപ്പെടെ ആറിടങ്ങളിൽ സ്ഫോടനം നടന്നു. കൊച്ചിക്കടെ, കതുവാപിടിയ, ബട്ടിക്കലോവ എന്നിവിടങ്ങളിലെ പള്ളികളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാംഗ്രില, സിനമണ്‍ ഗ്രാൻഡ്, കിംഗ്സ്ബറി എന്നിവിടങ്ങളിലും ആണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെ ദേഹിവാലയിലെ മൃഗശാലക്ക് എതിർവശത്തുള്ള ഹോട്ടലിൽ സ്ഫോടനം ഉണ്ടായി.ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടു.ഇതിന് പിന്നാലെ ദെമത്തഗോഡയിലുണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അയിടന്തിര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പു വരുത്താൻ സൈന്യത്തെ വിന്യസിച്ചു. ലോകരാഷ്ട്രങ്ങൾ ശ്രീലങ്കക്ക് പിന്തുണയറയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്..
ശ്രീലങ്കയിലേക്ക് പുറപ്പെടാന്‍ മെഡിക്കല്‍ സംഘം തയ്യാര്‍
നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലുണ്ടായ വന്‍ സ്‌ഫോടനം വല്ലാതെ വേദനയുണ്ടാക്കുന്നതാണ്. നിരവധിപേര്‍ സ്‌ഫോടനത്തില്‍ മരണമടയുകയും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയം വിദഗ്ധ വൈദ്യസഹായം നല്‍കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കും.