ആറ് കിലോ കഞ്ചാവുമായി യുവതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ: ആറുകിലോ കഞ്ചാവുമായി യുവതി കുന്നംകുളത്ത് പൊലീസ് പിടിയിലായി. പെരുമ്പിലാവ് ആൽത്തറ മണിയിൽ കളവീട്ടിൽ ശ്രീദേവി (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ വിതരണവും വിൽപനയും നടത്തി വരികയായിരുന്നു.
പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവർ തമിഴ്നാട്ടിൽനിന്നും കഞ്ചാവ് ഇവിടെ എത്തിച്ചിട്ടുണ്ട്. നീലചടയൻ വിഭാഗത്തിൽപ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്. ഇപ്പോൾ പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ആറു ലക്ഷത്തോളം രൂപ വില വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവുമായി വരുന്ന ഇവർ പിന്നീട് വീട്ടിലെത്തി ചെറിയ ചെറിയ പാക്കറ്റുകളിലാക്കി മാറ്റിയാണ് വിതരണത്തിനും വില്പനയ്ക്കും തയാറാക്കുന്നത്. മേഖല കേന്ദ്രീകരിച്ച് ഒട്ടേറെപേർ ഇവരുടെ കീഴിൽ ഏജൻസികളായും വിതരണക്കാരായും പ്രവർത്തിക്കുന്നുണ്ട്.
കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ എഞ്ചിനീയറിംങ് കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നല്ല രീതിയിൽ വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് വലിയതോതിൽ ഇവിടേക്ക് എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.