സിഐടിയു സമരം ചെയ്തു പൂട്ടിച്ച കണ്ണൂർ ശ്രീധരൻ ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാൻ പിണറായി സർക്കാരിന്റെ അനുമതി
സ്വന്തം ലേഖകൻ
കണ്ണൂർ: സിഐടിയു സമരം ചെയ്ത് ഒരു വർഷത്തോളം പൂട്ടികിടന്ന കണ്ണൂർ ശ്രീധരൻ ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാൻ പിണറായി സർക്കാരിന്റെ അനുമതി ലഭിച്ചു. 1998ൽ നായനാർ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച ശ്രീധരന്റെ കെ.എസ്.ഡിസ്റ്റലറി 99ലാണ് പ്രവർത്തനം തുടങ്ങിയത്. ശമ്പളവർധനവ് ആവശ്യപ്പെട്ട് 2005 ൽ സിഐടിയു ഒരുവർഷത്തോളം സമരം നടത്തി. ഏറ്റവും അവസാനം അപേക്ഷ നൽകി ആദ്യം അനുമതി നേടിയ ശ്രീധരന് സഹായം ചെയ്തത് കണ്ണൂരിലെ സിപിഎം നേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബിയർ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് സർക്കാർ ശ്രീധരന് നൽകിയിരിക്കുന്നത്.
അതേസമയം ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടിയും വിശദീകരണവുമായി എക്‌സൈസ് വകുപ്പ് രംഗത്തെത്തി. 1999ൽ നിർത്തിവച്ച ബ്രൂവറി അനുമതി കേരളത്തിൽ പുനരാരംഭിച്ചത് എ.കെ.ആന്റണിയാണെന്നും, അത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് രമേശ് ചെന്നിത്തലയാണെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ഇപ്പോൾ നാല് കേന്ദ്രങ്ങൾക്കും നൽകിയത് തത്വത്തിൽ അനുമതിയാണെന്നും അത് ഉപയോഗിച്ച് മദ്യം ഉൽപാദിപ്പിക്കാനാവില്ലെന്നുമാണ് വിശദീകരണം.
ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതിൽ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനോട് പത്ത് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. 1999ൽ ഇ.െക. നായനാർ സർക്കാർ നിർത്തലാക്കിയ ബ്രൂവറി അനുമതി ആരുടെ നിർദേശപ്രകാരമാണ് പുനരാരംഭിച്ചതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആദ്യ ചോദ്യം. 2003ലെ എ.കെ.ആന്റണി സർക്കാരാണ് പുനരാരംഭിച്ചതെന്നാണ് മന്ത്രിയുടെ മറപുടി. 98ൽ നായനാർ സർക്കാർ മലബാർ ബ്രൂവറീസ് ലിമിറ്റഡിന് തത്വത്തിൽ അംഗീകാരമാണ് നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തത്വത്തിലുള്ള അംഗീകാരം റദ്ദാക്കാമെന്നിരിക്കെ പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് 2003-ൽ എ.കെ.ആന്റണി സർക്കാരാണ് ഈ കമ്പനിക്ക് മദ്യോൽപാദനം തുടങ്ങാൻ സാധിക്കുന്ന ലൈസൻസ് നൽകിയത്. ഇത് ആരുടെ നിർദേശപ്രകാരമാണെന്ന് രമേശ് ചെന്നിത്തല എ.കെ.ആന്റണിയോട് തന്നെ ചോദിക്കണമെന്നാണ് മറുപടി. അതിന്റെ ഉത്തരവ് പുറത്തുവിടാമോയെന്ന ചോദ്യത്തിനും ആന്റണിയോട് ചോദിച്ച് സംശയം മാറ്റാനാണ് മറുപടി. മറ്റ് ചോദ്യങ്ങൾക്കെല്ലാം മന്ത്രി നേരത്തെ തന്നെ മറുപടി പറഞ്ഞതാണെന്നും നുണ ആവർത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവിന്റേതെന്നും എക്‌സൈസ് വകുപ്പ് ആരോപിക്കുന്നു. അതേസമയം ഇപ്പോൾ നാല് കമ്പനികൾക്കും നൽകിയത് തത്വത്തിലെ അംഗീകാരമാണെന്നും അത് വഴി ആ കമ്പനികൾക്ക് മദ്യം ഉൽപാദിപ്പിക്കാനാവില്ലെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.