നീതി ന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് പടിയിറങ്ങുന്നു

നീതി ന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് പടിയിറങ്ങുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നീതിന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. 2017 ഓഗസ്റ്റ് 28ന് ജെ.എസ് ഖെഹാറിന്റെ പിൻഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേൽക്കുന്നത്. 2018 ഒക്ടോബർ 2നാണ് കാലാവധി പൂർത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാൽ ഇന്നത്തോടെ സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങും. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി സഹന്യായാധിപൻമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്ത സമ്മേളനം നടത്തിയതും, പ്രതിപക്ഷ പാർട്ടികളിലെ 64 എംപിമാർ ഒന്നിച്ച് ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും ദീപക് മിശ്രയുടെ 400 ദിവസത്തെ പ്രവൃത്തി ദിവസങ്ങൾക്കിടയിലാണ്. എന്നാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളിൽ നടത്തിയ വിധി ന്യായങ്ങൾ ചരിത്രപരമായിരുന്നു.

ഒഡീഷയിൽ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസായ മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീംകോടതിയുടെ കീഴ്വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നൽകുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേയാണ് ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി ലോകൂർ, കുര്യൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനം നടത്തിയത്. ഉത്തർപ്രദേശിലെ മെഡിക്കൽ കോഴ അഴിമതിയിൽ ദീപക് മിശ്രയുടെ പേര് പരാമർശിക്കപ്പെട്ടതാണ് ഇംപീച്ച്മെന്റിന് ആധാരമായി കോൺഗ്രസ് ഉയർത്തുന്ന പ്രധാന ആരോപണം.ഈ കേസിൽ കോഴയിൽ ഉൾപ്പെട്ട കോളേജിന് അനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്നുണ്ടായതും, ഈ കേസ് ജസ്റ്റിസ് ജെ.ചെലമേശ്വർ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നുവെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ട് കേസ് മാറ്റിയതും വലിയ വിവാദമായി. ദീപക് മിശ്രയ്ക്കെതിരെ നേരത്തെ തന്നെ ഇംപീച്ച്മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നുവെങ്കിലും ജസ്റ്റിസ് ലോയ കേസിൽ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ നടപടികൾ വേഗത്തിലാക്കിയത്. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കാണുന്ന സെക്ഷൻ 377 റദ്ദാക്കിയതും വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കണ്ടിരുന്ന സെക്ഷൻ 497 റദ്ദാക്കിയതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. ആധാർ കാർഡിന്റെ സാധുത സംബന്ധിച്ച നിർണായക വിധിയും, ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും വന്നതിലൂടെ വിമർശകരുടെ പോലും അഭിനന്ദനം ദീപക് മിശ്ര ഏറ്റുവാങ്ങി. രാജ്യത്തെ സിനിമ തീയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയതും ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ചതും ദീപക് മിശ്രയുടെ ബെഞ്ചായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group