ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ചത്ത ആട്: കലാപത്തിനുള്ള ശ്രമമെന്ന് സൂചന; അതീവ ജാഗ്രതയിൽ പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: ക്ഷേത്രത്തിനു മുന്നിൽ രക്തത്തിൽ കുളിച്ച നിലയിൽ ആടിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അതീവ ജാഗ്രതയോടെ പൊലീസ്. പ്രശസ്തമായ തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിന് മുന്നിലാണ് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ ആടിന്റെ ശവം കണ്ടെത്തിയത്.
രക്തം ഒലിക്കുന്ന നിലയിലായിരുന്നു ആടിന്റെ ശവം കണ്ടെത്തിയത്. ആട്ടിൻ കുട്ടിയുടെ ശവം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ മേൽശാന്തിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലായി പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം വിവരം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസറെ അറിയിച്ചു.
തുടർന്ന് ഇദ്ദേഹം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ആടിന്റെ ശവമാണ് ചാക്കിനുള്ളിലെന്നു കണ്ടെത്തിയത്. അടിനെ ഉടൻ തന്നെ മറവ് ചെയ്ത അധികൃതർ പരിഹാര ക്രിയകൾ നടത്തുകയും ചെയ്തു.
പുലർച്ചെ ശബരിമലയ്ക്കു പോകുന്നതിനു വ്രതം നോക്കുന്നതിനു മാലയിടുന്നതിനായി നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ, ഇവരെല്ലാം നോക്കി നിൽക്കെ ഇവരുടെ പ്രതിഷേധം അവഗണിച്ചാണ് ആടിനെ മറവ് ചെയ്തത്.
വിവരം അറിഞ്ഞ് ആർ.എസ്.എസ് ബിജെപി പ്രവർത്തകരും എത്തി പ്രതിഷേധിച്ചു. ഇതോടെ ആടിനെ പുറത്തെടുന്ന് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വർഗീയ സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും, ക്ഷേത്രത്തിന്റെ മുറ്റത്ത് ആടിനെ കൊണ്ടിട്ടതാണോ എന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വർഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമം എന്ന വകുപ്പിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0