ഭാര്യയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച ഭർത്താവ് വളർത്തുനായയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി; ”തനിക്കാരുമില്ലെന്ന് ആത്മഹത്യക്കുറിപ്പിൽ”
സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ : ഭാര്യയുടെ മൃതദേഹം രണ്ടു ദിവസം വീട്ടിൽ സൂക്ഷിച്ച ഭർത്താവ് വളർത്തുനായയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കുന്നപ്പള്ളി വായനശാലാ പരിസരത്തെ പടിക്കൽപുരയ്ക്കൽ ശ്രീധര(65)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ സരോജിനി(മണി-68)യുടെ മൃതദേഹം തൊട്ടടുത്ത മുറിയിലെ കട്ടിലിൽ കണ്ടെത്തി. സരോജിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വീടിനു പിന്നിലാണ് വളർത്തു നായയെ കണ്ടെത്തിയത്. ശ്രീധരന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ നെഞ്ചുവേദന വന്നു മരിച്ചെന്നും ഇനി തനിക്ക് ആരും ഇല്ലാത്തതിനാൽ വളർത്തുനായയെ കൊന്നശേഷം ആത്മഹത്യ ചെയ്യുന്നതായുമാണ് കത്തിൽ പറയുന്നത്. 15 വർഷമായി ശ്രീധരനും സരോജിനിയും കുന്നപ്പള്ളിയിൽ താമസമാക്കിയിട്ട്. വീട്ടിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളും ആധാരവും മറ്റും കത്തിച്ച നിലയിലാണ്.