തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം രൂക്ഷം; ചികിത്സയിൽ കഴിയുന്ന 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കും രോഗം; ആശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിമർശനം
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. വാർഡിൽ ചികിത്സയിൽ കഴിയുന്ന 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കും രോഗം ബാധിച്ചു.
ആശുപത്രിയിൽ ജോലി ചെയ്യുന്ന അമ്പതോളം നഴ്‌സുമാർ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.
നഴ്‌സുമാരുൾപ്പടെയുള്ള ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ഷിഫ്റ്റ് കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തതാണ് രോഗം പടരാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ 45 എം.ബി.ബി.എസ്. വിദ്യാർഥികൾക്കും പത്തോളം പി.ജി. വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം വാർഡിലേക്കും വലിയതോതിൽ കോവിഡ് പടരുകയായിരുന്നു.
ഇവർ പല വാർഡുകളിലായി ജോലി ചെയ്തിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. തുടർന്ന്, മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടച്ചിടുകയും പരീക്ഷകൾ ഓൺലൈനാക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച കോവിഡ് ഡ്യൂട്ടിയെടുത്താൻ രണ്ടുദിവസത്തെ അവധിക്കുശേഷം വീണ്ടും കോവിഡ് ഡ്യൂട്ടിക്ക് കയറേണ്ട സ്ഥിതിയാണ് നഴ്‌സുമാർക്കുള്ളത്. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
എന്നാൽ, ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തുന്ന ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമല്ലാത്തതാണ് കോവിഡ് പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രി പരിസരത്ത് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കോഫി ഹൗസ് താത്കാലികമായി പൂട്ടി.