വേനലവധിക്ക് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ ; കോട്ടയം വഴിസർവ്വീസ് നടത്തുന്ന ട്രെയിന് കേരളത്തിൽ 13 സ്റ്റോപ്പുകൾ
സ്വന്തം ലേഖകൻ
മുംബൈ : വേനലവധിക്കാലത്ത് നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് ഇല്ലാതിരിക്കെ കുർള എൽടിടി–കൊച്ചുവേളി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത് മുംബൈ മലയാളികൾക്ക് വലിയ ആശ്വാസമായി. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. ടിക്കറ്റ് ബുക്കിങ് ഉടൻ തുടങ്ങും. കഴിഞ്ഞ കുറെ നാളുകളായി മുംബൈയിൽ നിന്ന് ഓണത്തിനും ക്രിസ്മസിനും അവതരിപ്പിക്കുന്ന സ്പെഷൽ ട്രെയിനുകളെല്ലാം കന്യാകുമാരിക്ക് ആയിരുന്നെങ്കിൽ ഇത്തവണ സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിലേക്ക് അനുവദിച്ചത് മലയാളികൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാൻ അവസരമൊരുക്കും.
ഇൗ മാസം 11നും ജൂൺ 29നും മധ്യേ ആഴ്ചയിൽ ഒന്നുവീതം ഇരുവശത്തേക്കും 12 വീതം ട്രിപ്പുകളാണുണ്ടാവുക. അവധിക്കാലത്ത് കേരളത്തിലേക്ക് മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്തിൽ നിന്നും വിനോദസഞ്ചാരികൾ ഏറെയാണെന്നതിനാൽ ടിക്കറ്റില്ലാതെ വലഞ്ഞിരുന്ന സഞ്ചാരികൾക്കും സ്പെഷൽ ട്രെയിൻ ഗുണമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഫസ്റ്റ് എസി കോച്ച്, ഫസ്റ്റ് എസിയും സെക്കൻഡ് എസിയും ചേർത്തുള്ള മറ്റൊരു കോച്ച്, 2 സെക്കൻഡ് എസി കോച്ചുകൾ, 6 തേഡ് എസി കോച്ചുകൾ, 6 ജനറൽ സിറ്റിങ് കോച്ചുകൾ എന്നിവ അടങ്ങുന്നതാണ് ട്രെയിൻ.
ഇൗ മാസം 11 മുതൽ ജൂൺ 27 വരെ വ്യാഴാഴ്ചകളിൽ വൈകിട്ട് നാലിന് എൽടിടിയിൽ നിന്നു പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 8.45ന് കൊച്ചുവേളിയിൽ എത്തും. താനെ (വൈകിട്ട് 4.17), പൻവേൽ (4.55), റോഹ (6.20), ചിപ്ലൂൺ (8.10), രത്നാഗിരി (9.45) എന്നിങ്ങനെയാണ് മുംബൈ, കൊങ്കൺ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിലെ സമയക്രമം. വെള്ളിയാഴ്ച രാവിലെ 8ന് മംഗളൂരു ജംക്‌ഷനിലെത്തും.
ഇൗ മാസം 13 മുതൽ ജൂൺ 29 വരെ ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ചകളിൽ രാത്രി 9.50ന് എൽടിടിയിൽ എത്തുന്ന വിധമായിരിക്കും മടക്കസർവീസ്. കൊല്ലം (5.07), കായംകുളം (5.43), ചെങ്ങന്നൂർ (6.04), തിരുവല്ല (6.14), കോട്ടയം (7.00), എറണാകുളം ടൗൺ (രാത്രി 8.40), തൃശൂർ (10.17), ഷൊർണൂർ (11.15), തിരൂർ (ഞായർ പുലർച്ചെ 12.10), കോഴിക്കോട് (പുലർച്ചെ 12.37), കണ്ണൂർ (പുലർച്ചെ 2.00), കാസർകോട് (പുലർച്ചെ 3.05), മംഗളൂരു (പുലർച്ചെ 4.10)
എൽടിടി, താനെ, പൻവേൽ, റോഹ, ചിപ്ലുൺ, രത്നാഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, സാവന്ത്‌വാഡി എന്നിവിടങ്ങളിലാണ് മഹാരാഷ്ട്രയിലെ സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം നോർത്ത്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.