സുരക്ഷ ഇല്ലെങ്കിലും മല ചവിട്ടും, ഉത്തരവാദിത്വം സർക്കാരിന് മാത്രം : തൃപ്തി ദേശായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയിൽ ദർശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരിൽ നിന്നും മറുപടി കിട്ടിയിട്ടില്ല. ഏഴ് സ്ത്രീകളും ദർശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദർശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിനായിരിക്കും പൂർണ ഉത്തരവാദിത്തമെന്നും തൃപ്തി വ്യക്തമാക്കി.
തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മറ്റ് തീർത്ഥാടകർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നംവബർ 17ന് ശബരിമലയിൽ ദർശനം നടത്തുമെന്നാണ് തൃപ്തി ദേശായിയും സംഘവും അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദർശനത്തിനിടെ തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷ അനുവദിക്കണമെന്ന് വ്യക്തമാക്കി തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ശബരിമലയിൽ എത്തിയാൽ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാൽ എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കണമെന്നും അവർ സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എയർപോർട്ടിൽ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദർശനം നടത്തുമെന്നാണ് കത്തിൽ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സർക്കാർ വഹിക്കണമെന്ന കാര്യവും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചത്.