‘സ്പാർക്കിൽ’ അനധികൃത ഇടപെടൽ; കർശന നിയന്ത്രണവുമായി സർക്കാർ
സ്വന്തം ലേഖകൻ
കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള ബിൽ ഉൾപ്പെടെ സർവീസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സുപ്രധാന സോഫ്റ്റ്വെയറായ ‘സ്പാർക്കിൽ’ അനധികൃത ഇടപെടൽ. നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നു സോഫ്റ്റ്വെയർ ഉപയോഗത്തിനു സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അധ്യാപകരടക്കം സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്കിനു തുല്യമായ സ്പാർക്കിൽ അടുത്തിടെ വൻതോതിൽ അനധികൃത കൈകടത്തലുകൾ നടന്നുവെന്നു ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ജീവനക്കാരുടെ ശമ്പളബില്ല് തയാറാക്കാൻ ചുമതലയുള്ള 30,000 പേരടക്കം അൻപത്തിമൂവായിരത്തോളം പേർക്കാണ് ഔദ്യോഗികമായി സ്പാർക്ക് സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാൻ അധികാരം.
സ്പാർക്കിലെ രേഖകളിൽ മാറ്റം വരുത്താനും കൂട്ടിച്ചേർക്കലുകൾ വരുത്താനും ഇവർക്കു മാത്രമേ കഴിയൂ. അനധികൃതമായി പുറത്തുള്ളവർ സോഫ്റ്റ്വെയർ കൈകാര്യം ചെയ്യുന്നതു കണ്ടെത്താനും സർക്കാർ നിർദേശം നൽകി. അതത് സർക്കാർ സ്ഥാപനത്തിലെ കംപ്യൂട്ടറിലൂടെ സോഫ്റ്റ്വെയർ കൈകാര്യം ചെയ്യണമെന്നിരിക്കെ പലയിടത്തും പുറത്ത് ഇന്റർനെറ്റ് കഫേകളിലും മറ്റും നിന്നാണു വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതെന്നാണു കണ്ടെത്തൽ.