video
play-sharp-fill
സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഉടന്‍ കേസ് അന്വേഷിക്കാന്‍ സിബിഐ ഓടിയെത്തില്ല; യുഡിഎഫിനും ബിജെപിക്കും ഒരു കെണി ഒരുക്കി സര്‍ക്കാരിന്റെ നീക്കം; പക്ഷേ, സോളാര്‍ കേസ് സിബിഐ ഏറ്റെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇവര്‍

സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഉടന്‍ കേസ് അന്വേഷിക്കാന്‍ സിബിഐ ഓടിയെത്തില്ല; യുഡിഎഫിനും ബിജെപിക്കും ഒരു കെണി ഒരുക്കി സര്‍ക്കാരിന്റെ നീക്കം; പക്ഷേ, സോളാര്‍ കേസ് സിബിഐ ഏറ്റെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇവര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരി കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പരാതി സ്വീകരിച്ച ഉടന്‍ സര്‍ക്കാര്‍ സിബിഐയെ കേസ് ഏല്‍പ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞതു കൊണ്ടുമാത്രം കേസ് അന്വേഷിക്കാന്‍ സി ബി ഐ വരില്ല. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉദ്ദേശം നാനൂറ് കേസുകള്‍ കേരള ഹൈക്കോടതിയില്‍ തന്നെയുണ്ട്. ഇതില്‍ ഗൗരവമുള്ള കേസുകള്‍ വരെയുണ്ടെങ്കിലും ഏറ്റെടുക്കാന്‍ നിരവധി ബുദ്ധിമുട്ടുകള്‍ കേരളത്തില്‍ സിബിഐ നേരിടുന്നുണ്ട്. സോളാര്‍ കേസ് ഏറ്റെടുത്താലും അന്വേഷിക്കേണ്ട തിരുവനന്തപുരം യൂണിറ്റില്‍ വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ല.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടെത്തുന്ന കേസുകളില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം മാത്രമേ ആ കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളു. സിബിഐ അന്വേഷിക്കുന്ന കേസുകള്‍ കൂടുതലായതിനാലും നിരവധി കേസുകള്‍ ഒരേ സമയം അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ അഭാവവുമെല്ലാം സോളാര്‍ കേസ് ഏറ്റെടുക്കുന്നതില്‍ നിന്നും സിബിഐയെ വിലക്കുന്നുണ്ട്.

സര്‍ക്കാരും സിബിഐയും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്നുമുണ്ട്. ഷുക്കൂര്‍ വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയവ സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിപതറിയ യുഡിഎഫിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി അദ്ധ്യക്ഷനാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിനും കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കും എതിരായ കേസുകളില്‍ സര്‍ക്കാരിന്റെ നീക്കം.

ബി.ജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസും സി.ബി.ഐക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു ചേക്കേറി, ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും കേസിലുള്ളതിനാല്‍ ബി.ജെ.പിക്കെതിരെയും ഇത് ആയുധമാണ്. ബി.ജെ.പിയെ ബാധിക്കുന്നതിനാല്‍ സി.ബി.ഐ ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.

 

Tags :