
തിരഞ്ഞെടുപ്പ് കാലത്തെ തുറുപ്പ് ചീട്ട് പുറത്തെടുത്ത് സിപിഎം: സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കോൺഗ്രസുകാർക്കെതിരെയെല്ലാം സോളാറിലെ പീഡനക്കേസ്; സോളാർ വിവാദനായികയുടെ പരാതിയിൽ എഎഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകൻ
കൊച്ചി: ഏതു തിരഞ്ഞെടുപ്പിലും പുറത്തെടുക്കാറുള്ള തുറുപ്പ് ചീട്ടായ സോളാർകേസും അനുബന്ധമായ പീഡനക്കേസും പുറത്തെടുത്ത് ഇക്കുറിയും സർക്കാർ. സോളാറിൽ ആരോപണ വിധേയരും, ഇക്കുറി വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാകാൻ പട്ടികയിൽ ഉൾപ്പെട്ടവരുമായ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് ഇപ്പോൾ പുതുതായി പീഡനക്കേസ് രജിസ്്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, എ.പി അനിൽകുമാർ, അടൂർ പ്രകാശ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോളാർ കേസിലെ നായികയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ താഴെയിറക്കുന്നതിൽ ഏറെ നിർണ്ണായകമായ കേസ് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും എൽഡിഎഫ് പൊടിതട്ടിയെടുക്കാറുണ്ട്. ഇക്കുറിയും ഇതിനു സമാനമായ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേയ്ക്ക് മത്സരിച്ചപ്പോൾ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ ലൈംഗിക പീഡനക്കേസ് അടക്കം രജിസ്റ്റർ ചെയ്യുമെന്ന് പ്രഖ്യാപിച്ച്, സോളാർ അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സോളാർ തന്നെയായിരുന്നു ഇടതു പക്ഷത്തിന്റെ പ്രധാന പ്രചാരണ ആയുധം. ഈ സാഹചര്യത്തിലാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപും സോളാർ തന്നെ വീണ്ടും രംഗത്തിറക്കുന്നത്. സോളാർ പദ്ധതി ആരംഭിക്കാൻ സഹായം അഭ്യർത്ഥിച്ച് എത്തിയ യുവതിയെ ഇതിനു സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.