സോയിൽ പൈപ്പിംഗ് പ്രതിഭാസം: ചെളിയും മണലും വെള്ളവും ഒഴുകി വരുന്നു; ഞെട്ടലോടെ നാട്ടുകാർ
കോഴിക്കോട് : തുടർച്ചയായി കനത്ത മഴ പെയ്യുന്നതോടെ സംസ്ഥാനത്തെ മലയോര ജില്ലകളില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം. കാരശേരിയിലെ തോട്ടക്കാട് മേഖലയിലാണ് ഭൂമിക്കടിയില്‍ നിന്നും മണ്ണും മണലും പൊങ്ങിവരുന്ന ഈ പ്രതിഭാസം അനുഭവപ്പെടുന്നത്.
മണ്ണിനടിയിൽ നിന്ന് മണലും ചീടിമണ്ണും ഉൾപ്പെടെ പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവത്തിന്റെ അപകടാവസ്ഥ നാട്ടുകാർ അറിയുന്നത് . പ്രാഥമിക പരിശോധനയിൽ ഉരുൾപൊട്ടൽ സാധ്യതയ്ക്കുള്ള അടയാളമായാണ് ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്.
പുത്തുമലയിലുണ്ടായത് സോയിൽ പൈപ്പിംഗ് മൂലമുണ്ടായ ഭീമൻ മണ്ണിടിച്ചിലാണെന്ന കണ്ടെത്തൽ പുറത്തുവന്നതോടെ ആശങ്കയിലാണ് കാരശേരിയിലെ നാട്ടുകാർ. കവളപ്പാറയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ പ്രവർത്തിച്ചിരുന്നു എന്നാണ് സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ക്വാറികളാൽ ചുറ്റപ്പെട്ട പ്രദേശമാണ് പൈക്കാടൻ മല എന്നതും കഴിഞ്ഞ പ്രളയ സമയത്ത് ഇവിടെ ഉരുൾപൊട്ടലുണ്ടായിരുന്നു എന്നതും ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നുണ്ട്. ക്വാറികളിൽ പാറപൊട്ടിക്കുന്നത് സോയിൽ പൈപ്പിംഗിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളിൽ വ്യക്തമായിരുന്നു.
സോയിൽ പൈപ്പിംഗ്
ഭൂമിക്കടിയിൽ മണ്ണിനു ദൃഢത കുറഞ്ഞ ഭാഗത്തു പശിമയുള്ള കളിമണ്ണു പോലെയുള്ള വസ്തു ഒഴുകി പുറത്തേക്കു വരുന്നതിനെയാണ് സോയിൽ പൈപ്പിംഗ് എന്നു വിളിക്കുന്നത്. ഇവ ഭൂമിക്കടിയിൽ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തു കൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്. അതിവൃഷ്ടിയും ഭൂഗർഭജലത്തിന്റെ ശക്തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ് സോയിൽ പൈപ്പിംഗിന്റെ പ്രധാന കാരണം.