
തരൂരിന്റെ ബന്ധുക്കളെ വീണ്ടും ചേർത്ത് ബിജെപി: സോഷ്യൽ മീഡിയയിൽ ട്രോളാക്രമണം
സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശീ തരൂരിന്റെ ബന്ധുക്കളെ ഷാളണിയിച്ച് വീണ്ടും പാർട്ടിയിൽ ചേർത്ത് ബി.ജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ശ്രീധരൻപിള്ളയുടെ മുൻകാല നിലപാടുകൾ ചേർത്തു വച്ചാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ശശീ തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ ചേർന്നതായും, ഇവരെ പി.എസ് ശ്രീധരൻപിള്ള ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ശശീ തതൂരിന്റെ ബന്ധുക്കൾ തങ്ങൾ നേരത്തെ മുതൽ തന്നെ ബിജെപി അംഗങ്ങളാണെന്നു പ്രഖ്യാപിച്ചതോടെയാണ് സോഷ്യൽ മീഡിയ ബിജെപിക്കെതിരെ രംഗത്ത് എത്തിയത്.
ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേർ ബിജെപിയിൽ ചേരുന്നു എന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാധ്യമപ്രവർത്തകരേയും വിളിച്ച് വരുത്തി.
ശശി തരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാർ, ഭർത്താവ് ശശികുമാർ എന്നിവരടക്കം 14 പേർക്ക് അംഗത്വം നൽകുന്നു എന്നായിരുന്നു അവകാശ വാദം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു പരിപാടി. ശ്രീധരൻ പിളള ഷാളണിയിച്ച് ഇവരെ പാർട്ടിയിലെടുക്കുകയും ചെയ്തു.
ചടങ്ങ് കഴിഞ്ഞ് തരൂരിന്റെ കുടുംബങ്ങൾ ഫോട്ടോ സെഷന് തയ്യാറായിരുന്നില്ല. മാത്രമല്ല മാധ്യമങ്ങളോടും അവർ പ്രതികരിച്ചില്ല. പരിപാടി കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിക്കാൻ ഇവർ തയ്യാറായത്. ഇതോടെ ബിജെപി പരിപാടി പൊളിഞ്ഞു.
തങ്ങൾ പണ്ട് മുതൽക്കേ ബിജെപി അനുഭാവികൾ ആണെന്നും ഇപ്പോൾ എന്തിനാണ് ഇത്തരമൊരു പരിപാടി നടത്തിയത് എന്ന് അറിയില്ലെന്നും തരൂരിന്റെ ചെറിയമ്മയായ ശോഭന പ്രതികരിച്ചു. പരിപാടി എന്തിന് നടത്തി എന്ന് സംഘാടകരോട് ചോദിക്കാനും ഇവർ പറഞ്ഞു.
ഇത്തരമൊരു പരിപാടി ആണെന്നോ മാധ്യമങ്ങൾ ഉണ്ടെന്നോ തങ്ങൾ അറിഞ്ഞിരുന്നില്ല. കർമ്മ സമിതി അംഗമായ പദ്മജയാണ് തങ്ങളെ പരിപാടിക്ക് എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. മോദിയാണ് ബിജെപിയിലേക്ക് വരാനുളള കാരണം. തങ്ങൾ കോൺഗ്രസുകാർ ആയിരുന്നില്ലെന്നും ഇവർ പറഞ്ഞു.
ഇതോടെ തരൂരിന് പണി കൊടുക്കാൻ പരിപാടി സംഘടിപ്പിച്ച ബിജെപി വെട്ടിലായിരിക്കുകയാണ്. രണ്ട് കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടി ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ട് എന്ന് പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള പറഞ്ഞു. അവരുമായി ചർച്ച നടത്തുകയാണ് എന്നും ഇപ്പോൾ പേരുകൾ പുറത്ത് വിടാനാകില്ലെന്നും ശ്രീധരൻ പിളള പറഞ്ഞു.