അപ്പോം തിന്ന്, വീഞ്ഞും കുടിച്ച് ഓഡിയിലും ബിഎംഡബ്യുവിലും തിരുമേനിമാരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ: വിശ്വാസികൾ എതിരായിട്ടും സഭ കുലുങ്ങുന്നില്ല; സോഷ്യൽ മീഡിയയിലും തെരുവിലും പ്രതിഷേധവുമായി സഭാ മക്കൾ

അപ്പോം തിന്ന്, വീഞ്ഞും കുടിച്ച് ഓഡിയിലും ബിഎംഡബ്യുവിലും തിരുമേനിമാരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ: വിശ്വാസികൾ എതിരായിട്ടും സഭ കുലുങ്ങുന്നില്ല; സോഷ്യൽ മീഡിയയിലും തെരുവിലും പ്രതിഷേധവുമായി സഭാ മക്കൾ

തേർഡ് ഐ ബ്യൂറോ

കൊച്ചി: അപ്പോം തിന്ന്.. വീഞ്ഞും കുടിച്ച് ബിഎംഡബ്യുവിലും, ഓഡിയിലും കയറിനടക്കുന്ന വൈദികരെക്കൊണ്ടു പൊറുതിമുട്ടി സത്യക്രിസ്ത്യാനികൾ. വൈദികരും ബിഷപ്പുമാരും സഭയുടെ മേലാളൻമാരിൽ പലരും പീഡനക്കേസുകളിൽ കുടുങ്ങിയതോടെ നാണക്കേടിന്റെ പടുകുഴിയിൽപ്പെട്ടിരിക്കുകയാണ് വിശ്വാസികളായ സഭാ മക്കൾ. കന്യാസ്ത്രീകൾ വരെ പീഡിപ്പിക്കപ്പെടുകയും, കുമ്പസാര രഹസ്യത്തിന്റെ പേരിൽ വിശ്വാസികൾ ഇരയാക്കപ്പെടുകയും ചെയ്യുന്നതിൽ കടുത്ത അമർഷമാണ് സഭയിലെ സത്യക്രിസ്ത്യാനികൾക്കുള്ളത്. ബിഷപ്പ് പോലും പീഡനക്കേസിൽ പ്രതിയായതോടെ തലയിൽ മുണ്ടിട്ടാണ് പലരും പുറത്തിറങ്ങുന്നത്.
ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കന്യാസ്ത്രീകൾ തിരുവസത്രം അണിഞ്ഞ് സഭയ്‌ക്കെതിരെ തെരുവിൽ സമരം നടത്തുന്നത്. ഇതിനു പിൻതുണയുമായി സഭാ വിശ്വാസികൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹത്തിന്റെ നാനാ മേഖലയിൽ നിന്നുള്ളവർ മൂന്നാം ദിവസത്തിലേയ്ക്കു കടന്ന സമരത്തിനു പിൻതുണയുമായി ഇപ്പോൾ തന്നെ എത്തിയിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെയാണ് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. സാധാരണ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരങ്ങളിൽ പേരിനു മാത്രമാണ് സാന്നിധ്യമുണ്ടാകാറ്. എന്നാൽ, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരമുഖം തന്നെ മാറ്റി മറിച്ചത് അഞ്ചു കന്യാസ്ത്രീകളുടെ സാന്നിധ്യമാണ്. സമരരംഗത്ത് ബിഷപ്പിനെതിരെ പ്രതിഷേധവുമായി ഇവർ പരസ്യമായി രംഗത്ത് എത്തിയതോടെ സമരത്തിന്റെ രൂപം തന്നെ മാറി മറിഞ്ഞു. തുടർന്ന് സമര രംഗത്തേയ്ക്ക് ഹൈക്കോടതി മുൻപ് ജഡ്ജി കമാൽ പാഷ, സീറോ മലബാർ സഭ മുൻ വ്യക്താവും കത്തോലിക്കാ സഭയുടെ ഔദ്യോഗിക പത്രാധിപരുമായ ഫാ.പോൾ തേലക്കാട് എന്നിവരാണ് സമരപ്പന്തലിൽ നേരിട്ടെത്തി സഭയെയും വൈദികരെയും സർക്കാരിനെയും കടന്നാക്രമിച്ചത്. ഇതോടെ സർക്കാരും സഭയും കടുത്ത പ്രതിസന്ധിയിലായി.
ബിഷപ്പിനെതിരായ പരാതിയിൽ ആദ്യ ദിവസങ്ങളിൽ കാര്യമായ പ്രതികരണവുമായി എത്താതിരുന്ന സഭാവിശ്വാസികളിൽ പലരും ഇപ്പോൾ പരസ്യമായി സഭയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം സഭാ വിശ്വാസികൾ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെതിരെ കർശന നടപടി തന്നെ വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ബിഷപ്പാണെങ്കിലും തെറ്റു ചെയ്താൽ എന്താണ് ഇളവ് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഇവർ ഇപ്പോൾ ഉന്നയിക്കുന്നത്. സാധാരക്കാരനില്ലാത്ത ഒരു അവകാശവും ബിഷപ്പിന് ഇല്ലെന്നും, വിശ്വാസികളുടെ വോട്ട് ബാങ്കിനെ പേടിച്ച് ഒരു ബിഷപ്പിനും നിയമത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും ഇവർ പറയുന്നു. വിശ്വാസികളും, കന്യാസ്ത്രീകളും തെരുവിൽ ഇറങ്ങിയ സാഹചര്യത്തിൽ ഇനിയും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടുകളയാൻ പൊലീസിനും സർക്കാരിനും സാധിക്കില്ല.