കഴക്കൂട്ടം സസ്‌പെൻസ് പൊളിയുന്നു…! ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കും ; ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വം പരസ്യഏറ്റുമുട്ടലിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകി കേന്ദ്ര നേതൃത്വം. ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് മത്സരിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇക്കാര്യങ്ങളിൽ ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചതായാണ് വിവരം.എന്നാൽ ശോഭയെ മത്സരിപ്പിക്കുന്നതിനോട് കഴക്കൂട്ടത്ത് കൂടുതൽ സ്വാധീനമുള്ള മുരളീധരൻ ഇതുവരെ യോജിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം ന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം വീണ്ടും ശോഭയുമായി ബന്ധപ്പെട്ടതെന്നാണ് വിവരം.ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കുന്നില്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാന നേതാക്കളോട് ആരാഞ്ഞിരുന്നു. എന്നാൽ ശോഭ സുരേന്ദ്രൻ മത്സര രംഗത്തേക്ക് ഇല്ലെന്ന് അറിയിച്ചു എന്നായിരുന്നു അതിന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടി നൽകിയത്.
നേരത്തെ ദേശീയ നേതാക്കൾ നടത്തിയ ചർച്ചയിൽ കഴക്കൂട്ടത്ത് മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നത്. ഇത് ചർച്ചയായതോടെ കഴക്കൂട്ടം നൽകാനാകില്ല എന്ന ഉറച്ച നിലപാട് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പടെയുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ സ്വീകരിക്കുകയായിരുന്നു.
കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്നും കോൺഗ്രസ് വിട്ടുവരുന്ന ഒരു പ്രധാന നേതാവിനെ കഴക്കൂട്ടത്ത് പരിഗണിക്കേണ്ടിവരുമെന്നുമായിരുന്നു സംസ്ഥാനനേതൃത്വം നൽയിരുന്ന വിശദീകരണം.