മദ്യപിക്കാൻ പണമുണ്ടാക്കാൻ പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിധരിപ്പിച്ച് വീട്ടുവളപ്പിൽ നിന്നും പിടികൂടിയ ചേരയെ കൊന്ന് വിൽക്കാൻ ശ്രമം ; കോതമംഗലത്ത് യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
എറണാകുളം : കോതമംഗലത്ത് വീട്ടുവളപ്പിൽ നിന്നും പിടികൂടിയ ചേരയെ പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചേര പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമിച്ച നേര്യമംഗലം സ്വദേശി ബിജു വി.ജെയെയാണ് വനം വകുപ്പിന്റെ പിടിയിലായത്.
കേസിൽ പിടിയിലായ ബിജുവിനെ കോതമംഗലം കോടതിയിൽ ഹാജരാക്കും. വീട്ടുവളപ്പിൽ നിന്ന് പിടികൂടിയ ചേരയെ കൊന്ന് കറി വച്ച ശേഷം പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് നഗരംപാറ, കോതമംഗലം റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് നേര്യമംഗലം വടക്കേപ്പറമ്പിൽ ബിജു വി.ജെ പിടിയിലായത്.
മദ്യപിക്കുന്നതിനായി പണം കണ്ടെത്താനാണ് ഇയാൾ ചേരയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പിടിയിലായ ബിജുവിന്റെ വീട്ടിൽ നിന്ന് പാമ്പിന്റെ കറിയും തല, വാൽ, തോൽ എന്നിവയും കണ്ടെടുത്തിയിട്ടുണ്ട്.
ഇയാൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.