
പാമ്പ് കടിപ്പിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഉത്രയുടെ ഭർത്താവ് സൂരജും സഹായിയും അറസ്റ്റിൽ; അറസ്റ്റ് ഉറപ്പിച്ച് കൊല്ലം റൂറൽ എസ്പിയുടെ പത്രസമ്മേളനം
ക്രൈം ഡെസ്‌ക്
കൊല്ലം: തുടർച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റു യുവതി മരിച്ച സംഭവത്തിൽ ഭർത്താവും സഹായിയായ പാമ്പ് പിടുത്തക്കാരനും അറസ്റ്റിൽ. പാമ്പിനെ ഉപയോഗിച്ചു തുടർച്ചയായ രണ്ടു തവണ ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്നു വ്യക്തമായ സാഹചര്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ മാധ്യമങ്ങളെ അറിയിച്ചു.
ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്ര(25)യെ മേയ് ഏഴിന് കുടുംബ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് സൂരജിനെയും സഹായിയായ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂരജിനു പാമ്പിനെ എത്തിച്ചു നൽകിയത് പാമ്പ് പിടുത്തക്കാരൻ കൂടിയായ സുരേഷാണെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് ആറിനു മരിച്ച ഉത്രയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ്് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ച് രണ്ടിന് അടൂർ, പറക്കോട്ട് ഭർത്താവിന്റെ വീട്ടിൽവെച്ച് ഉത്രയെ പാമ്പുകടിച്ചിരുന്നു. അണലി ഇനത്തിലുള്ള പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. ഇതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പു കടിയേറ്റത്. രണ്ടാം തവണ പാമ്പ് കടിയേറ്റ ഉത്ര മരിക്കുകയായിരുന്നു.
ഉത്രയുടെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി. ഹരിശങ്കറിന് പരാതി നൽകി.
തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പു പിടുത്തക്കാരനെയും കസ്റ്റഡിയിൽ എടുത്തു. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തതോടെയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണ് എന്നു തെളിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയായ സൂരജിനെതിരെ കൃത്യമായ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സൂരജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂരജിന്റെ അറസ്റ്റിനു ശേഷം ഇനി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ വേണ്ടി വരും. ഉത്രയുടെയും സൂരജിന്റെയും മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു ഉത്രയുടെ മാതാപിതാക്കൾ അറിയിച്ചു. ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നതിനുള്ള കൃത്യമായ തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.