ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് ഓഫീസിൽ നിന്ന് പാമ്പുകടിയേറ്റു
മലപ്പുറം: മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഓഫീസിനുള്ളിൽ വെച്ച് ജീവനക്കാരന് പാമ്പ് കടിയേറ്റത്.
ഓരോരോ സെക്ഷനായി അടയ്ക്കുന്നതിന്റെ ഇടയിൽ റാക്കിൽ നിന്ന് പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയും ചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട പാമ്പാണെന്ന് വിദഗ്ധർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനു പിൻഭാഗത്തുള്ള ശിക്ഷക് സദൻ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാൽ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകർന്ന കെട്ടിടങ്ങൾ. ഇത് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് അണലിയേയും പെരുമ്പാമ്പിനെയും ഉൾപ്പെടെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ജീവനു ഭീഷണിയാകുന്ന കെട്ടിടം പൊളിച്ചു നീക്കണമെന്നാണ് ആവശ്യം.