video
play-sharp-fill
ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു

ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു. നിർമാണചുമതലയുള്ള കിറ്റ്​കോയുടെ നേതൃത്വത്തിലാണ്​ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്​. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്​ഫോമുകളുടെ ഒരുഭാഗത്തിലാണ്​ ചട്ടക്കൂട്​ രണ്ടാഴ്​ച മുമ്പ്​ സ്ഥാപിച്ചിരുന്നു. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട്​ ഇരുമ്പനത്തുനിന്നും 26ന്​ അർധരാത്രിയിൽ എത്തിച്ചിരുന്നു.  നേരത്തെ എത്തിച്ച ചട്ടക്കൂടിനെക്കാൾ വലിപ്പമേറിയതിനാൽ മുകളിൽഘടിപ്പിക്കുന്നതിന്​ കനത്തമഴ തടസ്സമായിരുന്നു. ഇതേത്തുടർന്ന്​ നിർത്തിവെച്ചജോലികളാണ്​ പുനഃരാരംഭിച്ചത്​. അഞ്ചുറോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്​ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന ജോലികളും നടക്കും. ഇതിനൊപ്പം മുനിസിപ്പൽ ഒാഫിസ്​ പരിസരത്തുനിന്ന്​ കയറിയിറങ്ങുന്ന പ്രവേശനപടികളും തീർക്കും. അടുത്തഘട്ടമായി റൗണ്ടാനക്ക്​ ചുറ്റുമുള്ള മറ്റ്​ പാതകളുമായി ബന്ധിപ്പിക്കുന്ന ചവിട്ടുപടികൾ, ലിഫ്​റ്റ്​ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. നിലവിൽ 40 ശതമാനത്തോളം പണികളാണ്​ പൂർത്തിയാക്കിയത്​.  ആകാശപ്പാതക്കായി കഴിഞ്ഞ ഡിസംബറിലാണ്​ 14 കൂറ്റന്‍ ഉരുക്കുതൂണുകള്‍ സ്ഥാപിച്ചത്​. 14 ഉരുക്കുതൂണുകളിൽ റൗണ്ടാനക്കുള്ളിലെ തൂണുകൾക്ക് 600 മില്ലീമീറ്റർ കനവും പുറത്തുള്ള തൂണുകൾക്ക് 800 മില്ലീമീറ്റർ കനവുമാണുള്ളത്. നടപ്പാതയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന മുകൾത്തട്ടിൽ മഴയും വെയിലും ഏൽക്കാതിരിക്കുന്ന സംവിധാനവും ഒരുക്കും. രണ്ടര വര്‍ഷം മുമ്പ് യു.ഡി.എഫ്. സര്‍ക്കാറി​െൻറ അവസാന കാലത്താണ്​ നഗരത്തിലെ ഗതാഗതക്കുരുക്കിന്​ പരിഹാരം കാണുന്നതിനായി ആകാശപ്പാത നിര്‍മാണം ആരംഭിച്ചത്. അന്ന്​ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ജോലികള്‍ പീന്നീട്​ ഇഴഞ്ഞാണ്​ നീങ്ങിയത്​. രണ്ടുവര്‍ഷത്തിനുശേഷമാണ് തൂണുകള്‍ സ്ഥാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് പദ്ധതികൾക്ക്​ വീണ്ടും ജീവ​ൻവെച്ചത്​.