video
play-sharp-fill
യൂണിവേഴ്‌സിറ്റി കത്തിക്കുത്തിലും പിഎസ്‌സി പരീക്ഷയിലും തിരിമറി നടത്തിയവർക്കും സർക്കാരിന്റെ കാരുണ്യം ;കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

യൂണിവേഴ്‌സിറ്റി കത്തിക്കുത്തിലും പിഎസ്‌സി പരീക്ഷയിലും തിരിമറി നടത്തിയവർക്കും സർക്കാരിന്റെ കാരുണ്യം ;കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത്, പി.എസ്.സി പരീക്ഷ തിരിമറി കേസുകളിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. ഇരുകേസുകളിലും പൊലീസ് കുറ്റപത്രം നൽകാനുണ്ടായ കാലതാമസമാണ് സ്വാഭാവികമായി പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കന്റോൺമെൻറ് പൊലീസും പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ രണ്ട് മാസത്തിലേറെയായിട്ടും ക്രൈംബ്രാഞ്ചും കുറ്റപത്രം സമർപ്പിക്കാത്തതും എല്ലാ കേസിലും ജാമ്യം ലഭിച്ചതിനാലുമാണ് ശിവരഞ്ജിത്തും നസീമും സെൻട്രൽ ജയിൽമോചിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മറ്റ് പ്രതികളായ പ്രണവ്, ഗോകുൽ, സഫീർ എന്നിവർ ഇപ്പോഴും ജയിലിലാണ്. നേരത്തേ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഭൂരിപക്ഷം പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ, പി.എസ്.സി തട്ടിപ്പ് കേസിൽ ജാമ്യം ലഭിക്കാത്തതിനാലാണ് ശിവരഞ്ജിത്തിനും നസീമിനും ജയിൽ മോചിതരാകാൻ സാധിക്കാതിരുന്നത്. കഴിഞ്ഞദിവസം പി.എസ്.സി തട്ടിപ്പ് കേസിൽ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനെതുടർന്നാണ് പുറത്തിറങ്ങിയത്.

പ്രതികളിൽ ചിലർകൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.

പി.എസ്.സി കേസിൽ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ലെന്നും ഈ കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളും വിശദീകരിക്കുന്നു.

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ആകെ 19 പ്രതികളാണുള്ളത്. ഇതിൽ ഒരാൾകൂടിയേ ഇനി പിടിയിലാകാനുള്ളൂ. എന്നാൽ, ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരം ഒരുക്കുന്നതിനാണെന്ന ആരോപണം ശക്തമാണ്.

അതിനിടെയാണ് ഇപ്പോൾ പി.എസ്.സി തട്ടിപ്പ് കേസിലും ഇതേ അനാസ്ഥ അന്വേഷണസംഘത്തിൽ നിന്നുണ്ടായത്. കത്തിക്കുത്ത് കേസിൽ പിടിയിലാകാനുള്ള പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. അപ്പോൾ മറ്റ് പ്രതികളെ ഉൾപ്പെടുത്തി പൊലീസിന് കുറ്റപത്രം സമർപ്പിക്കാവുന്ന സാഹചര്യമാണുണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.