കുടുംബകലഹം; ഭാര്യ ഒമ്പതുമാസമായ കുഞ്ഞിനെയും എടുത്ത് പുഴയിൽ ചാടി; പിന്നാലെ ഭർത്താവും: മൂന്നാറിൽ മൂന്നംഗ കുടുംബത്തെ കാണാതായി

കുടുംബകലഹം; ഭാര്യ ഒമ്പതുമാസമായ കുഞ്ഞിനെയും എടുത്ത് പുഴയിൽ ചാടി; പിന്നാലെ ഭർത്താവും: മൂന്നാറിൽ മൂന്നംഗ കുടുംബത്തെ കാണാതായി

സ്വന്തം ലേഖകൻ

മൂന്നാർ: കുടുംബ വഴക്കിനെ തുടർന്ന് കൈക്കുഞ്ഞിനെയുമായി ഭാര്യ പുഴയിൽ ചാടി. രക്ഷിക്കാനായി ഭർത്താവ് പിന്നാലെയും ചാടി. കനത്ത ഒഴുക്കിൽപെട്ട് മൂന്നുപേരെയും കാണാതായി. മൂന്നാർ കെ.ഡി.എച്ച്.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശികളായ വിഷ്ണു (30) ഭാര്യ ജീവ എന്നുവിളിക്കുന്ന ശിവരഞ്ജിനി (25) ഇവരുടെ 9 മാസം പ്രായമായ കുട്ടി എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ 8.00 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഭർത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയിൽ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാൻ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാർ സി ഐ സാം ജോസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ഫയർ ഫോഴ്‌സ്, പൊലീസ് വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ശക്തമായ ഒഴുക്കും നിർത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുന്നുണ്ട്. സ്ഥലത്തെത്തിയ ദേവികുളം തഹസിൽദാർ കെ.പി ഷാജി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നാർ ഡി.വൈ.എസ്.പി അടക്കം വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി എന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് രാവിലെയും ഇവർ തമ്മിൽ കലഹിച്ചു. തുടർന്നാണ് ശിവരഞ്ജിനി കുട്ടിയെയും കൊണ്ട് പുഴയിലേയ്ക്ക് ചാടിയത്. ശിവരഞ്ജിനിയുടെ വീടിന്റെ തൊട്ടടുത്തുള്ള കൈവരിയില്ലാത്ത പാലത്തിൽനിന്നാണ് മൂവരും പുഴയിലേക്ക് ചാടിയത്.