
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ ദിവസം തിരുനക്കര ശിവൻ എന്ന കൊമ്പൻ ഭയന്നോടി പാപ്പാൻ മരിക്കാൻ ഇടയാക്കിയത് പാപ്പാൻമാരുടെ ക്രൂരമായ മർദനത്തെ തുടർന്നെന്ന് കൃത്യമായ സൂചന ലഭിച്ചിട്ടും റിപ്പോർട്ടിൽ നിന്ന് ഈ ഭാഗം ഒഴിവാക്കി വനം വകുപ്പിന്റെ റിപ്പോർട്ട്. ആനയെ പാപ്പാൻമാർ മർദിക്കുന്നതിന് ദൃക്‌സാക്ഷികളുണ്ടായിട്ടും, ആന ഓടിയതിന്റെ കാരണം ബൈക്കുകാരുടെ ശല്യവും, ബസിന്റെ ഹോണടിയുമാണ് എന്ന റിപ്പോർട്ട് നൽകിയാണ് വനം വകുപ്പ് കേസ് ഒതുക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഇല്ലിക്കലിൽ നിന്നാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ ഭയന്നോടിയത്. ആന ഭയന്ന് ഓടിയത് പാപ്പാൻമാരുടെ ക്രൂരമർദത്തെ തുടർന്നാണെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായി ആനയെ പാപ്പാൻമാർ ക്രൂരമർദത്തിനു ഇരയാക്കിയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ അടക്കം വ്യക്തമാക്കുന്നത്.
എന്നിട്ടു പോലും വനം വകുപ്പിന്റെ റിപ്പോർട്ടിൽ ആനയെ മർദിച്ചതാണ് ഇടയാൻ കാരണമെന്ന സൂചനയില്ല. ആനയെ മർദിച്ചതായി കണ്ടെത്തിയാൽ, ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ഇതിൽ ഉത്തരം പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവാദമാകാവുന്ന പരാമർശങ്ങൾ വനം വകുപ്പ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
കൊമ്പിനും തു്മ്പിക്കൈയ്ക്കും ഇടയിൽ പനംപട്ടയും തിരുകിയാണ് തിരുനക്ക മഹാദേവക്ഷേത്രത്തിൽ നിന്നും ആന ചെങ്ങളത്തേയ്ക്ക് ചൊവ്വാഴ്ച വൈകിട്ടോടെ യാത്ര തിരിച്ചത്. എന്നാൽ, ഇല്ലിക്കൽ ചിന്മയ സ്‌കൂളിനു മുന്നിൽ വച്ച് ആന കയ്യിലിരുന്ന പട്ട റോഡിൽ ഇട്ടു. ഇതിൽ ക്ഷുഭിതനായ രണ്ടാം പാപ്പാൻ പിന്നിൽ നിന്നും ആനയെ അടിക്കുകയായിരുന്നു. പട്ട എടുക്കുന്നതിനു വേണ്ടി പാപ്പാൻ ആനയെ പല തവണ മർദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷിയായ ആനപ്രേമി പറയുന്നു. ഇയാൾ ഇതിനെ ചോദ്യം ചെയ്തതോടെയാണ് പാപ്പാൻ മർദനം അവസാനിപ്പിച്ചത്. ഈ സമയമെല്ലാം മരിച്ച ഒന്നാം പാപ്പാൻ വിക്രം ആനയുടെ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.
മർദനം രൂക്ഷമായതോടെയ പട്ട വീണ്ടും കയ്യിലെടുത്ത കൊമ്പൻ ഇവിടെ നിന്നും രക്ഷപെടാൻ ഓടുകയായിരുന്നു. പട്ട താഴെയിട്ടാൽ അടികിട്ടുമെന്ന് ഭയന്ന് ബസ് എതിരെ വന്നിട്ട് പോലും ആന പട്ടമാറ്റാൻ തയ്യാറായില്ല. ഇതോടെയാണ് ബസിന്റെ മുൻ ഭാഗം തകർന്നതും ചില്ല് പൊട്ടിയതും. ഇത് അടക്കമുള്ള കൃത്യമായ തെളിവുകളും വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടും ബൈക്കുകാരെയും ബസുകാരെയും പഴി പറഞ്ഞ് പാപ്പാന്മാരെയും ദേവസ്വം ബോർഡിനെയും ക്ഷേത്ര ഉപദേശക സമിതിയെയും രക്ഷിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ വനം വകുപ്പ് ശ്രമിക്കുന്നത്.