video
play-sharp-fill

നിരവധി വീടുകളുടെ മുറ്റത്തും സിറ്റ്ഔട്ടിലും ചോരത്തുള്ളികൾ : ഭയന്ന് വിറച്ച് പ്രദേശവാസികൾ ; പൊലീസ് അന്വേഷണം ആരംഭിച്ചു

നിരവധി വീടുകളുടെ മുറ്റത്തും സിറ്റ്ഔട്ടിലും ചോരത്തുള്ളികൾ : ഭയന്ന് വിറച്ച് പ്രദേശവാസികൾ ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കീഴ്മാട് പഞ്ചായത്തിലെ കീരംകുന്നിൽ വീടുകളുടെ പരിസരത്തുനിന്നും ചോരത്തുള്ളികൾ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. കീരംകുന്നിലെ 7 വീടുകളുടെ പരിസരത്തു നിന്നാണ് ചെറിയ കാൽപ്പാടുകളുടെ ആകൃതിയിൽ ചോരത്തുള്ളികൾ കണ്ടെത്തിയത്. വീടുകളുടെ സിറ്റൗട്ട്, പോർച്ച്, മുൻപിലെ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ചോരപ്പാടുകൾ കണ്ടത്. ഇതു മനുഷ്യരുടേതോ മൃഗങ്ങളുടേതോ എന്നു തിരിച്ചറിയാൻ പൊലീസ് സാംപിൾ ശേഖരിച്ചു കാക്കനാട് റീജനൽ അനലറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് നൽകി.
ചോരപ്പാടുകൾ കണ്ടെത്തിയ വീടുകൾക്ക് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോൺ ലഭിച്ചത് ദുരൂഹത വർധിപ്പിച്ചു. താഴത്തങ്ങാടി കുഞ്ഞിക്കൊച്ചിന്റെ വീട്ടിലാണ് ആദ്യം ഇത് ശ്രദ്ധയിൽപ്പെട്ടത്. രാവിലെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് വീട്ടുകാർ സിറ്റൗട്ടിൽ ചോരപ്പാടുകൾ കണ്ടത്.തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അയൽക്കാരായ പൂഴിത്തറ കുഞ്ഞുമുഹമ്മദ്, പള്ളിക്കുഴി റസിയ അബ്ദുൽ ഖാദർ, നടുക്കുഴി അഷ്റഫ്, പൂഴിത്തറ നാസർ, ചേരിൽ അബ്ദുല്ല എന്നിവരുടെ വീടുകളുടെ പരിസരത്തും ചോരത്തുള്ളികൾ കണ്ടു. തൊട്ടടുത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന സിദ്ദീഖിന്റെ കെട്ടിടത്തിലും ചോരപ്പാടുകൾ ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ റോഡിൽ നിന്നു കിട്ടിയ മൊബൈൽ ഫോൺ ഓൺ ചെയ്ത നിലയിലായിരുന്നെങ്കിലും സിം കാർഡ് ഊരി ബാറ്ററിയുടെ അടിയിൽ വെച്ച നിലയിലായിരുന്നു. ഈ സിം കാർഡ് പരിശോധിച്ചപ്പോൾ ഇതിൽ നിന്നും ബംഗാളിലേക്ക് 28 കോളുകൾ ചെയ്തതായി കണ്ടെത്തി. കീരംകുന്നിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെക്കൊണ്ടു നാട്ടുകാർ അതിലൊരു നമ്പരിൽ വിളിപ്പിച്ചപ്പോൾ സ്ത്രീ എടുത്തു. സിം കാർഡ് നമ്പരിന്റെ ഉടമ കേരളത്തിലില്ലെന്നും ബംഗാളിലാണെന്നും അവർ അറിയിച്ചു. അതോടെ ഭീതിയും ദുരൂഹതയും വർധിച്ചുവെന്നു വാർഡ് അംഗം എം.ഐ. ഇസ്മായിൽ പറഞ്ഞു. സംഭവദിവസം അർധരാത്രി വരെ മഴയുണ്ടായിരുന്നു. എന്നാൽ റോഡിൽ കിടന്ന മൊബൈൽ ഫോൺ നനഞ്ഞിട്ടില്ല. ചോരപ്പാടുകളിലും ജലാംശം കലർന്നിട്ടില്ല. അതിനാൽ പുലർച്ചെ സംഭവം നടന്നിരിക്കാനാണ് സാധ്യത. അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർ സ്ഥലം സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group