സമരത്തിൽ പങ്കെടുത്തു: കന്യാസ്ത്രീയ്ക്ക് വിലക്ക്; പ്രതികാര നടപടികളിലേക്ക് സഭ
സ്വന്തം ലേഖകൻ
കോട്ടയം: സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വിലക്ക്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് മാനന്തവാടി രൂപത ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയിൽ പങ്കെടുക്കുന്നതിൽ നിന്നാണ് സിസ്റ്ററിനെ വിലക്കിയിരിക്കുന്നത്. കുർബാനയിൽ പങ്കെടുക്കുന്നതിൽ മാത്രം സിസ്റ്ററിന് വിലക്കില്ല. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. വികാരിയച്ചന്റെ നിർദേശം ലഭിച്ചുവെന്ന് മദർ സുപ്പീരിയർ അറിയിച്ചതാണെന്ന് സിസ്റ്റർ പറയുന്നു. സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണിതെന്ന് സംശയിക്കുന്നുണ്ടെന്നും പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിർത്തിയ സ്ഥിതിക്ക് മാറി നിൽക്കുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റർ ലൂസി മഠത്തിലെത്തിയത്.