video
play-sharp-fill

സില്‍വര്‍ ലൈന്‍ പദ്ധതി  ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കില്ല; ഇത് കേരളത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയല്ല, ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കില്ല; ഇത് കേരളത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയല്ല, ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി

Spread the love

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്കില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. പദ്ധതിക്ക് അനുമതി എതായാലും കിട്ടും. ആ അനുമതി കിട്ടിയാല്‍ വേഗം തന്നെ ഇത് പൂര്‍ത്തിയാക്കണം. അനുമതി കിട്ടിയ ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങളില്‍ ചിലതൊക്കെ പദ്ധതിയുടെ അനുമതി ലഭിക്കുന്നതിന് മുന്‍പെ നമുക്ക് നടത്താന്‍ കഴിയും. ആ പഠനങ്ങളാണ് ഇവിടെ നടത്താന്‍ പുറപ്പെട്ടത്.

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ എതിര്‍ത്തതുകൊണ്ടാണ് പദ്ധതിക്ക് അനുമതി ലഭിക്കാതെ പോയത്. ആദ്യം പോയപ്പോള്‍ വലിയ സഹകരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പിന്നെ ചെന്നപ്പോള്‍ വലിയ പ്രയാസങ്ങള്‍ അറിയിച്ചു. ഇത് നിങ്ങള്‍ രണ്ടുകൂട്ടരും നടത്തിയ ഇടപെടലുകളുടെ ഭാഗമായി വന്നതാണ് മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങള്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല തോതില്‍ എംപിമാരെ അയക്കാന്‍ കഴിഞ്ഞു. ആ എംപിമാര്‍ പാര്‍ലമെന്റില്‍ ഇത്തരം പദ്ധതികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ലോക്‌സഭയില്‍ കേരളത്തിലെ എംപിമാരില്‍ ഒന്നോ, രണ്ടോ ആള്‍ ഒഴികെ ബാക്കി എല്ലാവരും ഒന്നിച്ച് നിന്ന് ഇത് നാടിന് വേണ്ടാത്ത പദ്ധതിയാണെന്ന് പറഞ്ഞു. അതിനെക്കാളും വാശിയോടെ നിങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ബിജെപി രാഷ്ട്രീയമായി ഇടപെടുന്ന അവസ്ഥ. അങ്ങനെയൊക്കെ വന്നപ്പോള്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ ഉണ്ടാകേണ്ട സമീപനമല്ല കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയെ കണ്ട് ഈ പദ്ധതി അംഗീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നത്. ഒരക്ഷരം ആ പദ്ധതിക്കെതിരെ സംസാരിച്ചില്ല. രാഷ്ട്രീയമായ ഇടപെടലുകള്‍ വരുമ്പോള്‍ സ്വാഭാവികമായും ഈ പദ്ധതിക്കെതിരെയുള്ള നിലപാട് സ്വീകരിച്ചു. ഒരുവാചകം എപ്പോഴും നാം ശ്രദ്ധിക്കണം. എല്ലാഘട്ടത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ പറഞ്ഞത് ഇത് പൂര്‍ണമായി നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയെന്നല്ല. പരിശോധനയിലാണ്, പരിശോധിച്ച് വ്യക്തത വരട്ടെ എന്നാണ്. രാഷ്ട്രീയമായി അങ്ങേയറ്റത്ത് പോയി എതിര്‍ക്കുന്ന നിലയുണ്ടായാലും ഈ പദ്ധതി ആ തരത്തില്‍ കണ്ണടച്ച് എതിര്‍ക്കാന്‍ പറ്റുന്ന പദ്ധതിയല്ല. ഇത് കേരളത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയല്ലെന്നും നാളെ ഈ പദ്ധതിക്ക് അനുമതി നല്‍കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.