കാലങ്ങളായി കഴുകാത്ത ഉരുളി, കരി ഓയിൽ പോലെ എണ്ണ; ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള വട തയ്യാറാക്കുന്നത് ഇങ്ങനെ

കാലങ്ങളായി കഴുകാത്ത ഉരുളി, കരി ഓയിൽ പോലെ എണ്ണ; ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള വട തയ്യാറാക്കുന്നത് ഇങ്ങനെ

ഷൊർണൂർ :  വടയുണ്ടാക്കുന്ന വലിയ ഉരുളി കഴുകിയിട്ട് മാസങ്ങള്‍, അടുക്കളയ്ക്കുസമീപം തൊഴുത്തും ചെളിക്കെട്ടും, തുറന്നുകിടക്കുന്ന വാട്ടർടാങ്ക്, വൃത്തിഹീനമായ പാത്രങ്ങള്‍, ഉപയോഗിച്ചുപയോഗിച്ച്‌ കരി ഓയിലിന്റെ നിറമായ എണ്ണ-ഷൊർണൂർ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പലഹാരങ്ങള്‍ തയ്യാറാക്കുന്നയിടങ്ങളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍.

ഇവ തയ്യാറാക്കിയിരുന്ന രണ്ടു സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ നഗരസഭാ ആരോഗ്യവിഭാഗം നിർദേശം നല്‍കി. യാത്രക്കാരന് വടയില്‍നിന്ന് തവളയെ കിട്ടിയ സംഭവത്തെത്തുടർന്നായിരുന്നു പരിശോധന.

റെയില്‍വേ സ്റ്റേഷന്റെ എതിർവശത്തെ കെട്ടിടത്തിലും തെക്കേറോഡിലെ ക്വാർട്ടേഴ്സിനകത്തുമാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. വടയും ഇഡ്ഡലിയും പഴംപൊരിയുമെല്ലാം തയ്യാറാക്കുന്ന സ്ഥലങ്ങള്‍ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. അടുക്കളയ്ക്കുസമീപം എലികളും പാറ്റകളും തവളകളും പോകുന്ന വലിയ മടകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കേറോഡിലെ ക്വാർട്ടേഴ്സില്‍ വറുത്തെടുക്കുന്ന എണ്ണ മാറ്റുന്നതേയില്ലെന്നും കുറയുന്നതിനനുസരിച്ച്‌ ഒഴിച്ചുകൊടുക്കുന്നതാണ് രീതിയെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് വടയുണ്ടാക്കാറുണ്ടെന്ന് കടയുടമ പറഞ്ഞു. സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസില്ലായിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. റെയില്‍വേ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കുശേഷം ഷെഡ്ഡുണ്ടാക്കാൻ മാത്രമായിരുന്നു നിർദേശമെന്ന് ഇവർ പറയുന്നു.

റെയില്‍വേ സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിനകത്തെ സ്ഥാപനത്തിന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു. പാത്രങ്ങളും പാചകംചെയ്യുന്ന സ്ഥലവുമെല്ലാം വൃത്തിഹീനമാണ്. ഫ്രിഡ്ജിനകത്തുപോലും മണ്ണും ചെളിയുമാണെന്ന് കണ്ടെത്തി. പാത്രം കഴുകുന്ന സ്ഥലങ്ങളില്‍ വലിയമടകളും കുഴികളുമുണ്ട്.

ടൗണിലെ ബാലാജി ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചി, മീൻ, ചപ്പാത്തി, കറികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടെനിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നുണ്ടെന്ന് നഗരസഭാ ആരോഗ്യവിഭാഗം പറയുന്നു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു പരിശോധന. നഗരസഭാ ക്ലീൻസിറ്റി മാനേജർ ടി.കെ. പ്രകാശന്റെ നേതൃത്വത്തില്‍ സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.ടി. വിനോദ് കുമാർ, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ ഗിരിജകുമാരി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.