
പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാറിനെ സ്ഥലം മാറ്റത്തിലൊതുക്കി; രതീഷിനെ രക്ഷിക്കാൻ ചീട്ടുകളി സംഘത്തിൻ്റെ ശ്രമം; സസ്‌പെൻഷൻ ഒഴിവാക്കാൻ ഉന്നത സി.പി.എം നേതാവ് ഇടപെട്ടു
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന രതീഷ്‌കുമാർ പൊലീസിനെ ചീട്ടുകളി സംഘത്തിന് ഒറ്റിയതായി വ്യക്തമായിട്ടും ഇദ്ദേഹത്തെ രക്ഷിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്കു സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത്.
സഹ പ്രവർത്തകനെ ഒറ്റുകയും, അന്വേഷണ വിവരങ്ങൾ പ്രതിയ്ക്കു തന്നെ ചോർത്തിക്കൊടുക്കുകയും, പൊതുജന മധ്യത്തിൽ പൊലീസിനെ അപഹസിക്കുകയും ചെയ്ത രതീഷിനെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കാനാണ് നീക്കം നടക്കുന്നത്. ബ്ലേഡ് മാഫിയ – ചീട്ടുകളി സംഘത്തലവനായ മാലം സുരേഷിന് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി മാലം സുരേഷിന്റെ വീട് സന്ദർശിച്ചത് അടക്കമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 11 നാണ് മണർകാട് മാലം ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടത്തുകയും 18 ലക്ഷത്തോളം രൂപ ചീട്ടുകളി കളത്തിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് മാലം സുരേഷും, ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രതീഷ്‌കുമാറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നത്. സഹപ്രവർത്തകനായ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിനെ മാലം സുരേഷ് എന്ന ചീട്ടുകളി സംഘത്തലവന് ഒറ്റിക്കൊടുക്കുന്ന രീതിയിലാണ് അന്ന് രതീഷ്‌കുമാർ സ്വീകരിച്ചത്.
വിവാദ ഫോൺ സംഭാഷണം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടതിനു പിന്നാലെ രതീഷ് കുമാറിനോട് അവധിയിൽ പോകാൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയും, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും അന്വേഷണം നടത്തി രതീഷ്‌കുമാർ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയിരുന്നു.
തുടർന്നു, രതീഷ്‌കുമാറിനെതിരെ നടപടിയെടുക്കാൻ കൊച്ചി റേഞ്ച് ഐജിയ്ക്കു അന്വേഷണ റിപ്പോർട്ടും കൈമാറിയിരുന്നു. എന്നാൽ, റിപ്പോർട്ട് ലഭിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുവരെയും പൊലീസ് രതീഷ്‌കുമാറിനെതിരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് രതീഷ്‌കുമാറിനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.