കോടതിയിൽ വച്ച് ശിവശങ്കറിനെ കണ്ടപ്പോൾ അപരിചിതനെ പോലെ പെരുമാറി; ശിവശങ്കർ ജയിലിൽ പോയതോടെ കാര്യങ്ങൾ പിടിവിട്ട് പോകുന്നുവെന്നും മനസിലായി ;അതോടെ പറയാതിരുന്ന പലതും ഇന്ന് കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തി : സ്വപ്‌നയുടെ മൊഴി കസ്റ്റംസ് വിശ്വാസ്യതയിലെടുക്കുമ്പോൾ കുടുങ്ങുന്നത് സംസ്ഥാനത്തെ ഉന്നതരോ..?
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണ കടത്ത് കേസ് തുടക്കം മുതലെ വലിയ വിവാദമായപ്പോൾ സർക്കാരിനെയും ശിവശങ്കറിനേയും സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വപ്‌ന സുരേഷ് സ്വീകരിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ ബലിയാടാവുകയാണെന്ന് പലകുറി ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഓഡീയോയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു.
എന്നാൽ മാസങ്ങൾക്കിപ്പുറം തുറന്ന് പറച്ചിലുകളുമായി സ്വപ്‌നാ സുരേഷ് കസ്റ്റംസിന് മുന്നിൽ എത്തുകയാണ്.ഇത് കോടതി വിശ്വസിച്ചാൽ മാത്രമേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുന്നോട്ട് പോകൂ.
‘കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു പോലെ തോന്നി. മാത്രമല്ല, ശിവശങ്കർ ജയിലലടയ്ക്കപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ടു പോകുന്നുവെന്നു മനസ്സിലായി.’
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതായിരുന്നു വൈകി കസ്റ്റംസിന് മുന്നിലുള്ള സ്വപ്‌നയുടെ തുറന്നു പറച്ചിലിന് പിന്നിലുള്ള വിശദീകരണം. ഇത് കോടതിയിൽ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇതോടെ കേസിനും വെളിപ്പെടുത്തലിനും കൂടുതൽ കരുത്ത് വരുമെന്ന് കേന്ദ്ര ഏജൻസികൾ കരുതുന്നു.
അന്വേഷണം ശിവശങ്കറിലേക്കോ മുകളലേക്കോ എത്തുന്ന തരത്തിൽ മൊഴി നൽകരുതെന്ന കർശന നിർദ്ദേശമാണു സ്വപ്‌നയ്ക്ക് തുടക്കം മുതൽക്ക് തന്നെ ലഭിച്ചിരുന്നത്. വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണെന്നും തെളിവു നൽകാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണെന്നും പത്രികയിൽ കസ്റ്റംസ് അറിയിച്ചിരിക്കുന്നത്.
മജിസ്‌ട്രേട്ടിനു നൽകിയ മൊഴിയും കസ്റ്റംസ് നിയമപ്രകാരം രേഖപ്പെടുത്തിയ മൊഴിയും അന്തിമ വാദം കേൾക്കുമ്പോഴും കോടതി നിർദ്ദേശിക്കുമ്പോഴും രഹസ്യരേഖയായി ഹാജരാക്കാൻ തയാറാണെന്നും അറിയിച്ചു.
പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നേരിട്ട് ആണെന്നതും കേസിൽ നിർണ്ണായകമാണ്.
ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ കമ്മിഷണർമാർ നേരിട്ട് ഇടപെടുകയോ കോടതിയിൽ റിപ്പോർട്ട് നൽകുകയോ ചെയ്യുന്ന പതിവില്ല. അന്വേഷണ ഉദ്യോഗസ്ഥരാണു സത്യവാങ്മൂലവും റിപ്പോർട്ടുകളും നൽകുക. കമ്മിഷണർ തന്നെ ഹൈക്കോടതിക്കു സത്യവാങ്മൂലം നൽകിയതു കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകാൻ കൂടിയാണ്.
തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളർ മസ്‌കത്ത് വഴി കയ്‌റോയലേക്കു കടത്തിയെന്ന കസ്റ്റംസിന്റെ ആരോപണമാണ് ഡോളർ കടത്തു കേസ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തത്.