
നഗരത്തിനു നാണക്കേടായി നഗരസഭയുടെ ഷീടോയ്ലറ്റുകൾ
സ്വന്തംലേഖകൻ
കോട്ടയം : കോട്ടയം നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്കായി നഗരസഭാ നിർമ്മിച്ച ഷീടോയ്‍ലെറ്റുകൾ വഴിപാടാകുന്നു.
ലക്ഷങ്ങൾ ചിലവഴിച്ചു ടോയ്‌ലെറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുത്തിട്ടില്ല.
വിവിധ സ്ഥലങ്ങളിൽ നിന്നും കോട്ടയത്ത് ദിവസേന എത്തുന്ന ആയിരകണക്കിന് സ്ത്രീകൾ ടോയ്ലറ്റും മറ്റു സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുകയാണ്.
25 ലക്ഷം രൂപ ചിലവഴിച്ചു തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം ,നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിലായി മൂന്ന് ടോയ്‌ലെറ്റുകളാണ് നഗരസഭ നിർമ്മിച്ച് നൽകിയത്. ഡ്രസിങ് റൂം ഉൾപ്പടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പൂർത്തീകരിച്ച ടോയ്ലറ്റ് വെള്ളവും വൈദ്യുതി കണക്ഷനും കിട്ടാത്ത കാരണത്താൽ തുറന്നു കൊടുത്തിട്ടില്ല. വെള്ളത്തിനും വൈദ്യുതിക്കുമായി ഇരു ഡിപ്പാർട്മെന്റ്കളിലും കത്ത് കൊടുത്തിട്ടും മറുപടി ലഭിച്ചില്ലെന്നായിരുന്നു ഇതിനു നഗരസഭ നൽകിയ വിശദീകരണം. .സ്ത്രീകൾക്ക് വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങൾക്കുമായി നാഗമ്പടത്തു പ്രവർത്തിച്ചിരുന്ന വനിതാ വിശ്രമ കേന്ദ്രം അടച്ചുപൂട്ടിയിട്ടും നാളുകളായി.
ടോയ്ലറ്റ് പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനാൽ പ്രതിഷേധം ശക്തമായതോടെ ഇലക്ഷൻ കഴിയുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ വിശദീകരണം.
പഴയ സ്റ്റാൻഡിൽ ടോയ്ലറ്റ് ഉണ്ടെങ്കിലും കഴുത്തറക്കുന്ന കൂലി ഈടാക്കുന്നതിനാൽ സ്ത്രീകൾ അവിടേക്കു കയറാറില്ല.