
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തിനിടെ രാഷ്ട്രപിതാവ് മുജീബ് റഹ്മാന്റെ വസതിക്ക് തീയിട്ട് ബംഗ്ലാദേശിലെ പ്രതിഷേധക്കാർ
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തത്സമയ ഓൺലൈൻ പ്രസംഗത്തിനിടെ പ്രതിഷേധക്കാർ ബംഗ്ലാദേശ് രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതി തീയിട്ട് നശിപ്പിച്ചു.
ഹസീന പ്രസംഗിക്കുമ്പോൾ ബുൾഡോസർ ഘോഷയാത്ര നടത്തണമെന്ന സോഷ്യൽ മീഡിയ ആഹ്വാനത്തെത്തുടർന്ന്, തലസ്ഥാനത്തെ ധൻമോണ്ടി പ്രദേശത്തെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. മുജീബുർ റഹ്മാന്റെ വസതി നേരത്തെ മ്യൂസിയമാക്കി മാറ്റിയിരുന്നു.
അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പ്രസംഗത്തിലാണ് ഹസീന, നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ പണയപ്പെടുത്തി നമ്മൾ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാൻ അവർക്ക് ശക്തിയില്ലെന്ന് ഹസീന പറഞ്ഞു. അവർക്ക് ഒരു കെട്ടിടം തകർക്കാൻ കഴിയും, പക്ഷേ ചരിത്രത്തെ തകർക്കാൻ കഴിയില്ല.
ചരിത്രം പ്രതികാരം ചെയ്യുമെന്ന് അവർ ഓർമ്മിക്കണമെന്നും ഹസീന പറഞ്ഞു. മുജീബിസ്റ്റ് ഭരണഘടന കുഴിച്ചുമൂടുമെന്നും ബംഗ്ലാദേശിന്റെ 1972 ലെ ഭരണഘടനയും നിർത്തലാക്കുമെന്നും ഷെയ്ഖ് മുജീബിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര സർക്കാർ അംഗീകരിച്ച ദേശീയഗാനത്തിൽ മാറ്റം വരുത്തണമെന്നും ചില വലതുകക്ഷികൾ നിർദ്ദേശിച്ചിരുന്നു.
ബംഗ്ലാദേശ് ചരിത്രത്തിലെ ഒരു ഐക്കണിക് ചിഹ്നമായിരുന്നു ഈ വീട്. ഷെയ്ഖ് മുജീബ് പതിറ്റാണ്ടുകളായി സ്വയംഭരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ഈ വീട്ടിലായിരുന്നു. അവാമി ലീഗ് ഭരണകാലത്ത് ഇത് ഒരു മ്യൂസിയമാക്കി മാറ്റി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഹസീനയുടെ 16 വർഷത്തെ അവാമി ലീഗ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോൾ ധൻമോണ്ടി വസതിക്ക് തീയിട്ടു. തുടർന്ന് ഹസീന തന്റെ ഇളയ സഹോദരി ഷെയ്ഖ് റെഹാനയ്ക്കൊപ്പം ബംഗ്ലാദേശ് വ്യോമസേന വിമാനത്തിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.