video
play-sharp-fill
പെട്ടെന്ന് താ… പെട്ടെന്ന് വേണം… എന്ന് പറഞ്ഞ് ധൃതി പിടിക്കല്ലേ….! ഇത് വേവിക്കാൻ ഇത്തിരി സമയമെടുക്കും; ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുന്നത് കൃത്യമായ അളവിൽ ചിക്കൻ വേവാത്തത് കൊണ്ടോ..? നോക്കാം ഷവർമ്മ എങ്ങനെ വില്ലനാകുന്നുവെന്ന്

പെട്ടെന്ന് താ… പെട്ടെന്ന് വേണം… എന്ന് പറഞ്ഞ് ധൃതി പിടിക്കല്ലേ….! ഇത് വേവിക്കാൻ ഇത്തിരി സമയമെടുക്കും; ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുന്നത് കൃത്യമായ അളവിൽ ചിക്കൻ വേവാത്തത് കൊണ്ടോ..? നോക്കാം ഷവർമ്മ എങ്ങനെ വില്ലനാകുന്നുവെന്ന്

ഏ.കെ.ശ്രീകുമാർ

കോട്ടയം: സ്വിഗി, സോമാറ്റോ എന്നിവയുടെ വരവോടുകൂടി ഒട്ടുമിക്കവരും ഭക്ഷണം പാർസൽ വാങ്ങിക്കുന്ന സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു.

ഇഷ്ട ആഹാരം എത്രയും പെട്ടെന്ന് കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി ഹോട്ടലിൽ വിളിച്ച് നിർബന്ധം പിടിക്കുമ്പോൾ ഭക്ഷണം എത്തിച്ചു നൽകുന്നവരും ഹോട്ടലുകാരും പാകവും പരുവവും പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഇത് വരുത്തി വെയ്ക്കുന്നത് വൻ ദുരന്തമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം എത്തിക്കാൻ വൈകുന്നത് മൂലം കസ്റ്റമേഴ്സ് മറ്റ് ഹോട്ടലുകൾ തേടി പോകുമെന്നതാണ് വേവാത്ത ഭക്ഷണം നല്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം.

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ ഇഷ്ട വിഭവം ഷവർമ്മ തന്നെയാണ്. എന്നാൽ കസ്റ്റമേഴ്സ് തിടുക്കം കൂട്ടുമ്പോൾ ഭക്ഷണം വേവുന്നതിന് മുൻപ് തന്നെ എടുത്ത് നൽകുന്ന പ്രവണതയാണ് ഹോട്ടലുകാർ ചെയ്യുന്നത്. ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഈ വേവാത്ത ഇറച്ചി കഴിക്കുന്നത് തന്നെ. എന്നാൽ ഈ ഭക്ഷണ പദാർത്ഥങ്ങളെല്ലാം കൃത്യമായ വേവിലും പാകത്തിലും നൽകുകയാണെങ്കിൽ ഒരു പരിധി വരെ ഭക്ഷ്യവിഷബാധയെ ചെറുക്കാനാകും.

നിർമിക്കുന്നവരും കഴിക്കുന്നവരും ശ്രദ്ധവെച്ചാൽ ഷവർമ ഒരിക്കലും ഒരു വില്ലനാകില്ല. വലിയ കോണുകളിൽ കുത്തിനിറച്ച് ഇറച്ചി വേവിക്കാതിരിക്കുകയാണ്​ നിർമിക്കുന്നവർ ആദ്യം ചെയ്യേണ്ടത്​. കോണുകളിൽ കൊരുത്ത ഇറച്ചിക്ക് പുറത്താണല്ലോ തീ അടിച്ച് ചൂടായി വേകുന്നത്.

ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിറ്റും 75-100 ഡിഗ്രി ചൂടിലാണ് വേവിക്കേണ്ടത്. എന്നാൽ, വേവിക്കുമ്പോൾ പലപ്പോഴും കോണിന്റെ ഉള്ളിലേക്ക് തീ അടിച്ചിട്ടുണ്ടാകില്ല. ഇതുകാരണം ഉള്ളിലുള്ള ഇറച്ചി വേകുന്നില്ല. പലപ്പോഴും തിരക്ക് കൂടുമ്പോൾ ഇറച്ചിക്കുള്ളിലേക്ക് താഴ്ത്തി മുറിച്ചിടുകയും ചെയ്യും. ഇതോടെ വേകാത്ത ഇറച്ചികൂടി ഷവർമയായി ഉപഭോക്താവിന് കിട്ടും.

പലയിടത്തും വലിയ കോണിലെ ഇറച്ചി മുഴുവൻ ചിലപ്പോൾ ഒരു ദിവസത്തിൽ തന്നെ വിറ്റുപോകില്ല. ബാക്കിയാകുന്നവ പിറ്റേന്ന് ഉപയോഗിക്കുന്ന സ്ഥിതിയുമുണ്ട്.

നാലുമണിക്കൂറിൽ കൂടുതൽ ഇറച്ചി കോണിൽ കുത്തിവെക്കുന്നതും കേടാകുന്നതിന് കാരണമാകും.

കൂടുതൽ സമയം ഇരിക്കുന്തോറും കോണിന്റെ നടുവിലുള്ള, ചൂടേൽക്കാത്ത ഇറച്ചി കേടായിക്കൊണ്ടിരിക്കും. അതിൽ നിന്ന് ബാക്ടീരിയപോലുള്ള അണുക്കൾ ബാക്കി ഇറച്ചിയേയും മലിനമാക്കും. ഈ സാഹചര്യങ്ങൾ പരിഗണിച്ച് ഷവർമ കോണുകൾ നാലു മണിക്കൂറിൽ അധികം ഉപയോഗിക്കാതിരിക്കാൻ ചെറിയ കോണുകൾ വേണം തയാറാക്കാൻ എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കടകൾക്ക് നിർദേശം നൽകുന്നത്.

കോണുകളിൽ നിന്ന്​ മുറിച്ചെടുക്കുന്ന ഇറച്ചി അൽപനേരം മൈക്രോവേവ് ഓവനിൽ കയറ്റി രണ്ടാമതൊന്ന് ചൂടാക്കുന്നതും നല്ലതാണ്. ഷവർമ പാർസൽ വാങ്ങിയാൽ ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാകും കഴിക്കുന്നത്. അപ്പോഴേക്കും ഷവർമക്കുള്ളിൽ രോഗാണുക്കൾ പെറ്റുപെരുകിയിരിക്കും.

പാർസലായി വാങ്ങുന്നത്​ എത്രയും പെട്ടെന്ന് ചൂടോടെ കഴിക്കണമെന്നാണ് വിദഗ്​ധർ ഓർമിപ്പിക്കുന്നത്. കൂടിപ്പോയാൽ ഒരു മണിക്കൂർ അതിനപ്പുറം ഷവർമ സൂക്ഷിക്കരുത്. പുതിയ സാഹചര്യത്തിൽ ഷവർമ പാർസലിന് പുറത്ത് പാക്ക് ചെയ്യുന്ന തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വിഭാഗം.

ഇത്തരം ഭക്ഷണങ്ങൾ വാങ്ങി കഴിയുന്നവർ കൃത്യമായി അളവിൽ വേവിച്ച് നൽകാനുള്ള സാവകാശം ഹോട്ടലുകാർക്കു നൽകണം. പെട്ടെന്ന് താ പെട്ടെന്ന് വേണം എന്ന് പറഞ്ഞു ധൃതി പിടിക്കുന്നത് ഒഴിവാക്കണം. ഇത്തരം സാഹര്യങ്ങളിൽ ധൃതി പിടിക്കുന്ന കസ്റ്റമേഴ്സിനോട് കൃത്യമായ അളവിൽ വേവിച്ചേ നൽകൂ എന്ന് പറയാൻ ഹോട്ടലുകാരും തയ്യാറാകണം. ഇരുകൂട്ടരും ഒരുപോലെ പരസ്പരം സഹകരിച്ചാൽ മാത്രമേ ഭക്ഷ്യവിഷബാധയ്ക്ക് പരിഹാരമുണ്ടാകു….