ഷാരോൺ കൊലക്കേസ്, കഷായപ്പൊടി വാങ്ങിയത് പൂവാറിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ പൂവാറിലെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താൻ കാമുകിയായ ഗ്രീഷ്മ ഉപയോഗിച്ച ആയുർവേദ കഷായപ്പൊടി വാങ്ങിയത് പൂവാറിലെ സ്വകാര്യ ആശൂപത്രിയിൽ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ പൂവാറിലെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കാൽമുട്ട് വേദനയുള്ള സിന്ധു കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. സിന്ധു സെപ്തംബർ 19ന് മരുന്നും കഷായത്തിൽ കലക്കാനുള്ള പൊടിയും ഇവിടെ നിന്ന് വാങ്ങിയിരുന്നതായും തെളിഞ്ഞു. ഈ പൊടി വെള്ളത്തിൽ കലക്കിയശേഷം വിഷം ചേർത്ത് ഷാരോണിന് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് 5.30ഓടെയെത്തിയ ഉദ്യോഗസ്ഥർ ഒരുമണിക്കൂറോളം ആശുപത്രിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി.