
സ്വന്തം ലേഖിക
കൊച്ചി : യുവ ചലച്ചിത്ര താരം ഷെയ്ൻ നിഗത്തിനെതിരെ നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയതായി ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ജോബി ജോർജ്ജിനെതിരെ ഷെയ്ൻ രംഗത്തെത്തിയിരിക്കുന്നത്. ജോബിയുടെ സിനിമയ്ക്കായി നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് കാരണമെന്നാണ് ഷെയ്ൻ പറയുന്നത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താര സംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഷെയ്ൻ വ്യക്തമാക്കി. ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറയുന്നു.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള ഗുഡ് വിൽ എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന വെയിൽ എന്ന സിനിമയിലെ നായകനാണ് ഷെയ്ൻ നിഗം.എന്നാൽ, ഒന്നാം ഷെഡ്യൂൾ പൂർത്തിയായതിനു ശേഷം ‘കുർബാനി’ എന്ന ചിത്രത്തിന് വേണ്ടി ഷെയ്ൻ ഗെറ്റപ്പ് മാറ്റിയതാണ് വധഭീഷണിയ്ക്ക് കാരണം.വെയിലിന്റെ ഷൂട്ട് മുടക്കാനാണ് ഗെറ്റപ്പ് മാറ്റിയതെന്ന് ആരോപിച്ചായിരുന്നു വധ ഭീഷണിയെന്നാണ് ഷെയ്ൻ പറയുന്നത്. കൂടാതെ, അബിക്കയുടെ മകനായത് കൊണ്ട് താൻ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവിൽ ഷെയ്ൻ പറയുന്നു.വെയിലിന്റെ ഒന്നാം ഷെഡ്യൂൾ 16 ദിവസം കൊണ്ട് പൂർത്തിയായതിനാൽ മാങ്കുളത്ത് കുർബാനിയുടെ സെറ്റിലേക്ക് ഷെയ്ൻ പോയിരുന്നു. ആ സിനിമയിൽ മറ്റൊരു ഗെറ്റപ്പ് ആവശ്യമായി വന്നതിനാൽ ഷെയ്ൻ മുടി മുറിക്കുകയായിരുന്നു.
നടി പാർവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനം ചെയ്ത് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ജോബി ജോർജ്ജ്