video
play-sharp-fill

Wednesday, May 21, 2025
HomeUncategorizedനടി ശാലു മേനോന്റെ വീട് ജപ്തി ചെയ്തു

നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: സോളാർ പാനലും കാറ്റാടി മില്ലും വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ നടിയും നൃത്താധ്യാപികയുമായ ശാലു മേനോന്റെ ചങ്ങനാശേരിയിലെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. കേസിൽ സാക്ഷികളെ 17-നു ഹാജരാക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.
ഡോക്ടർ ദമ്പതികളെയും പ്രവാസിയേയും കബളിപ്പിച്ച കേസിലാണു സബ് ജഡ്ജി ടി.ജി. വർഗീസിന്റെ ഉത്തരവ്. 2013-ലാണ് കേസിനാസ്പദമായ സംഭവം. സ്വിസ് സോളാർ ടെക്നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരൻ ഡോ.ആർ.ബി. നായരെന്ന ബിജു രാധാകൃഷ്ണനാണ് ഒന്നാംപ്രതി. ശാലു മേനോന്റെ മാതാവ് കലാദേവി മൂന്നാംപ്രതിയാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരിൽനിന്ന് 29,60,000 രൂപയാണു തട്ടിയെടുത്തത്. പ്രവാസിയായ റാസിഖ് അലിയിൽനിന്ന് 1,04,60,000 രൂപ തട്ടിയെടുത്തു.
വീട്ടിൽ സോളാർ പാനലും തമിഴ്നാട്ടിൽ കാറ്റാടി മില്ലുകളും സ്ഥാപിച്ചുനൽകാമെന്നു പറഞ്ഞ് പത്രപ്പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ മുഖ്യ ഉപദേഷ്ടാവാണെന്നും കേന്ദ്രധനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും ബിജു അവകാശപ്പെട്ടതായി ഡോ. മാത്യു കോടതിയിൽ മൊഴി നൽകി.
പിന്നീട് ബിജു ഓഫീസ് പൂട്ടി മുങ്ങി. വിദേശത്തുനിന്നു മടങ്ങിവന്ന റാസിഖ് അലിയെ ബിജുവും ശാലുവും ചേർന്നാണു സമീപിച്ചത്. വഞ്ചിച്ചെടുത്ത തുകയുടെ സിംഹഭാഗവും ശാലുവിനാണു ബിജു നൽകിയത്.
ശാലുവിനായി 25 ലക്ഷം രൂപയ്ക്കു സ്ഥലം വാങ്ങി, ആഡംബരവീടും നിർമിച്ചുനൽകി. സ്ഥലമുടമയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ബിജു നൽകിയതായി പ്രത്യേകാന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി.
ബിജുവിന്റെ സാന്നിധ്യത്തിൽ, ഒരു വസ്ത്രവ്യാപാരശാലയിൽവച്ച് 20 ലക്ഷം രൂപ ശാലുവിനു കൈമാറിയതായി റാസിഖ് അലി മൊഴി നൽകി. ഇതിൽ 4,75,000 രൂപ ആദ്യ ഇൻസ്റ്റാൾമെന്റായി മുടക്കി ശാലുവിനു ബിജു ആഡംബരവാഹനം വാങ്ങിനൽകി.
ശാലുവിന്റെ വീട് നിർമാണത്തിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് റാസിഖ് അലിക്കു ബിജു സന്ദേശമയച്ചതായും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ശാലുവിനു ബിജു വാങ്ങിനൽകി. വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വർഷങ്ങളായി ബിജു രാധാകൃഷ്ണൻ ജയലിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments