play-sharp-fill
ആലപ്പുഴയ്ക്ക് ഇനി കലയുടെ വസന്തം; 59-ാം സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

ആലപ്പുഴയ്ക്ക് ഇനി കലയുടെ വസന്തം; 59-ാം സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

സ്വന്തം ലേഖകൻ

ആലപ്പുഴ: പ്രളയപ്പാച്ചിലിൽ കുതിർന്ന മണ്ണിൽ ഇനി കലയുടെ തെളിനീരൊഴുക്ക്. 59-ാം സ്‌കൂൾ കലോത്സവം മുപ്പതോളം വേദികളിലായി ആലപ്പുഴയെ ആഹ്ലാദിപ്പിക്കും. പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് സംഘാടനം. വർണാഭമായ ജാഥകളും ഉദ്ഘാടന- സമ്മാനദാന പരിപാടികളുമില്ല. സാഹിത്യകാരന്മാരുടെ പ്രധാന കൃതികളുടെ പേരുകളാണു വേദികൾക്ക്.

ഇത്തവണ 15,000 കുട്ടികൾ 188 ഇനങ്ങളിലാണു മത്സരിക്കുന്നത്. രാവിലെ 8.30ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തിയതോടെ കലാമാമാങ്കത്തിനു തുടക്കമായി. 8.45ന് ഒന്നാം വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ വ്യത്യസ്ത കലാരൂപങ്ങളുടെ വേഷങ്ങളണിഞ്ഞ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഒമ്പതിന് 29 വേദികളിലും മത്സരങ്ങൾ ആരംഭിച്ചു. കലോത്സവം ഇന്ന് ആരംഭിച്ചതോടെ, ഇടനിലക്കാരും വിധി ”സൃഷ്ടാക്ക”ളും കാലേക്കൂട്ടി ആലപ്പുഴയിലെത്തി. മത്സരഫലം അട്ടിമറിച്ചെന്ന സംശയത്തേത്തുടർന്നു നിരീക്ഷണത്തിലായ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിലെ വിധികർത്താക്കളിൽ പലരും ഇടനിലക്കാർക്കൊപ്പം തലേന്നുതന്നെ നഗരത്തിലെ പ്രമുഖ ലോഡ്ജിൽ തമ്പടിച്ചു.

ഇടനിലക്കാരും വിധികർത്താക്കളും സംഘാടകസമിതിയും സംയുക്തമായി തിരുവനന്തപുരം ജില്ലാകലോത്സവം അട്ടിമറിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. നെയ്യാറ്റിൻകരയിൽ കഴിഞ്ഞ 28, 29 തീയതികളിലായിരുന്നു കലോത്സവം.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി ഉൾപ്പെടെ മിക്ക മത്സരങ്ങളുടെയും ഫലം സംശയനിഴലിലായി. വിധികർത്താക്കൾ ഒപ്പിട്ടു നൽകിയ, പൂരിപ്പിക്കാത്ത മാർക്ക് ഷീറ്റിൽ മാർക്ക് എഴുതിച്ചേർത്താണു മത്സരഫലങ്ങൾ അട്ടിമറിച്ചത്. ഇതു തങ്ങൾ നൽകിയ മാർക്ക് അല്ലെന്നാരോപിച്ച് ഒരുവിഭാഗം വിധികർത്താക്കൾ രംഗത്തെത്തിയതോടെ പ്രോഗ്രാം സമിതിയും സ്റ്റേജ് ചുമതലയുള്ള അധ്യാപകരും പ്രതിക്കൂട്ടിലായി.

നൃത്തയിനങ്ങളിൽ വിധികർത്താക്കളുടെ മാർക്കുകൾ തമ്മിൽ വൻ അന്തരമുണ്ടായതും കലോത്സവ മാന്വലിനു വിരുദ്ധമായി 90-നുമേൽ മാർക്കുകൾ നൽകിയതും സംശയത്തിനിടയാക്കി. ഇതു സംബന്ധിച്ചു മത്സരാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

വിധിനിർണയം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനും നിരവധി പരാതികൾ ലഭിച്ചു. ഭരതനാട്യം, കുച്ചിപ്പുടി മത്സരങ്ങൾ നടന്ന പ്രധാനവേദിക്കു പിന്നിലേക്ക് മാർക്ക് ഷീറ്റുകൾ തിരുത്താൻ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മത്സരാർഥികളും രക്ഷിതാക്കളും അധ്യാപകരും പകർത്തിയിരുന്നു. എ ഗ്രേഡ് ലഭിച്ചവരെ ഇടനിലക്കാരുടെയും ചില നൃത്താധ്യാപകരുടെയും നിർദേശപ്രകാരം ഒഴിവാക്കുകയും ചെയ്തു.

മത്സരം പൂർത്തിയാക്കാതെ, വേദിയിൽ വീണുകിടന്നു കരഞ്ഞവർക്കും എ ഗ്രേഡ് നൽകി. അപ്പീലുകാരെ ഓൺലൈൻ ഫലത്തിൽനിന്നു പുറത്താക്കാൻ വൻഗൂഢാലോചന നടന്നു. സ്റ്റേജിന്റെ ചുമതലക്കാരെ സ്വാധീനിച്ച്, ഒരു നൃത്താധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ചരടുവലികൾ.

സംഭവം വിവാദമായതോടെ വിധികർത്താക്കളിൽ പലരെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നടപടിയാരംഭിച്ചു. എന്നാൽ, സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ആലപ്പുഴയിലും ഇക്കൂട്ടർ എത്തിക്കഴിഞ്ഞതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലും വൻ സ്വീകരണമാണ് അധികൃതർ നൽകിയത്.