video
play-sharp-fill
ഷാജുവിനെ കൊന്ന് ആശ്രിത നിയമനം വഴി സർക്കാർ ജോലി നേടിയെടുക്കാനും പിന്നീട് ജോൺസനെ കല്ല്യാണം കഴിക്കാനും പ്ലാനിട്ടിരുന്നു ; ജോളിയുടെ മോഹങ്ങൾ തകർന്ന് വീഴുമ്പോൾ ഭർത്താവ് മാപ്പു സാക്ഷിയും ജോൺസൺ പ്രോസിക്യൂഷൻ സാക്ഷിയുമാകാൻ സാധ്യത ; തഹസിൽദാർ ജയശ്രീയും കുടുങ്ങും ;സിലിയുടെ ആഭരണങ്ങൾ മാത്യൂ വഴി മാറ്റി വാങ്ങാനുള്ള സാധ്യത തേടി പോലീസ്

ഷാജുവിനെ കൊന്ന് ആശ്രിത നിയമനം വഴി സർക്കാർ ജോലി നേടിയെടുക്കാനും പിന്നീട് ജോൺസനെ കല്ല്യാണം കഴിക്കാനും പ്ലാനിട്ടിരുന്നു ; ജോളിയുടെ മോഹങ്ങൾ തകർന്ന് വീഴുമ്പോൾ ഭർത്താവ് മാപ്പു സാക്ഷിയും ജോൺസൺ പ്രോസിക്യൂഷൻ സാക്ഷിയുമാകാൻ സാധ്യത ; തഹസിൽദാർ ജയശ്രീയും കുടുങ്ങും ;സിലിയുടെ ആഭരണങ്ങൾ മാത്യൂ വഴി മാറ്റി വാങ്ങാനുള്ള സാധ്യത തേടി പോലീസ്

 

സ്വന്തം ലേഖിക

താമരശ്ശേരി : കൂടത്തായി കൊലപാതകങ്ങളിൽ മരണപ്പെട്ട സിലിയുടെ സ്വർണ്ണാഭരണങ്ങൾ കാണാതായത് സംബന്ധിച്ച ദുരൂഹത ഇതുവരെയും മറനീക്കി പുറത്ത് വന്നില്ല. സിലി മരണസമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ ജോളി രണ്ടാംപ്രതിയായ മാത്യു മുഖേന മാറ്റിവാങ്ങിയതാവാൻ ഇടയുണ്ടെന്ന് കസ്റ്റഡി റിപ്പോർട്ട്.

ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി (44) യെ സിലി വധക്കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി എസ് എൻ എൽ ജീവനക്കാരൻ ജോൺസൺ വഴി ജോളി പണയം വച്ചത് സിലിയുടെ ആഭരണങ്ങൾ അല്ലെന്ന നിഗമനത്തിലേക്കാണ് പൊലീസെത്തുന്നത്. ഷാജുവിനൊപ്പം ജോൺസണും കേസിൽ സാക്ഷിയാകാനാണ് സാധ്യത.

ഓമശ്ശേരി ശാന്തി ആശുപത്രിയിൽ വച്ച് ജോളി ഏറ്റുവാങ്ങിയ സിലിയുടെ സ്വർണാഭരണങ്ങൾ ജൂവലറി ജീവനക്കാരനായ മാത്യു വഴി മാറ്റി വാങ്ങിയോ എന്ന് കണ്ടെത്തണമെന്ന് വടകര കോസ്റ്റൽ സിഐ. സി.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എ.പി.പി. മുഖേന സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.

ഇതിനായി മാത്യുവിനെ സ്വദേശമായ കാക്കവയൽ, കക്കാട്, താമരശ്ശേരി, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണം. ജോളിക്ക് സയനൈഡ് കൈമാറിയ സ്ഥലത്ത് മാത്യുവിനെ എത്തിക്കണം. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തണം. എത്രതവണ സയനൈഡ് കൈമാറിയെന്നും സയനൈഡിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്തണമെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.

കേസുകളിൽ ഷാജുവിനെ മാപ്പ് സാക്ഷിയാക്കാനാണ് പരിഗണിക്കുന്നത്. ഇതിനൊപ്പം ജോൺസണിനെ സാക്ഷിയും. ഇത് ജോളിയുടെ കള്ളക്കളികൾ തുറന്നു കാട്ടാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

ജോൺസണെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടി ഷാജുവിനെ വകവരുത്താനും. ഷാജുവിനെ കൊന്ന് അദ്ദേഹത്തിന്റെ സർക്കാർ ജോലി നേടുകയെന്ന ആഗ്രഹവുമായാണ് ജോളി മുന്നോട്ട് പോയത്. ഇതിനിടെയാണ് പിടി വീണത്.

അതിനിടെ ആൽഫൈൻ വധക്കേസിൽ മുഖ്യപ്രതി ജോളി ജോസഫുമായി ഭർത്താവ് ഷാജു സഖറിയാസിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി. കോടഞ്ചേരി പുലിക്കയത്തെ വീട്ടിൽ 45 മിനിറ്റ് നീണ്ട തെളിവെടുപ്പിൽ, ജോളി ഷാജുവിന്റെ മകൾ ആൽഫൈന് വിഷം പുരട്ടിയ ഭക്ഷണം നൽകാൻ ഉപയോഗിച്ച പ്ലേറ്റ് ഉൾപ്പെടെ അന്വേഷണ സംഘത്തിനു കാട്ടിക്കൊടുത്തു. ബാക്കിവന്ന സയനൈഡ്, അതു കൊണ്ടുവന്ന പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിനോടൊപ്പം അടുക്കളയുടെ പിന്നിലെ തെങ്ങിൻ ചുവട്ടിലേക്ക് എറിയുകയായിരുന്നെന്നും ജോളി മൊഴി നൽകി.

2014 മെയ് 3നാണ് സഹോദരന്റെ ആദ്യകുർബാന വിരുന്നിനിടെ ഒന്നര വയസ്സുകാരി ആൽഫൈന് വിഷബാധയേൽക്കുന്നത്. കുഞ്ഞിനു നൽകാനുള്ള ബ്രെഡിൽ ജോളി സയനൈഡ് പുരട്ടി ഷാജുവിന്റെ സഹോദരിക്ക് നൽകുകയായിരുന്നെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

അതിനിടെ ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് നോട്ടിസ്. താമരശേരി മുൻ ഡപ്യൂട്ടി തഹസിൽദാർ ജയശ്രീയടക്കമുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് റവന്യൂമന്ത്രിക്ക് കൈമാറി. ഡപ്യൂട്ടി കലക്ടർ സി. ബിജുവാണ് അന്വേഷണം നടത്തിയത്.

ഒസ്യത്ത് കേസിൽ ജോളി വീണ്ടും കസ്റ്റഡിയിൽ വന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. ആരൊക്കെ ഇവർക്ക് വേണ്ടി ഇടപെടൽ നടത്തിയെന്നും, അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള വിശദമായ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചിട്ടുണ്ട്.

അതിന് പുറമേ ഇവരെ കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുക്കണമെന്ന് പൊലീസ് കോടതി ആവശ്യപ്പെട്ടപ്പോൾ അനുമതി ലഭിച്ചിട്ടുണ്ട്. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് കൂടത്തായി മുൻ വില്ലേജ് ഓഫീസർക്കും സെക്ഷൻ ക്ലർക്കിനും വീഴ്ച്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടർ സി ബിജു പറഞ്ഞു. ഇയാൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി കഴിഞ്ഞു.

ജോളി ഇവർക്ക് കൈമാറിയ രേഖകൾ പരിശോധിക്കാതെയ വില്ലേജ് ഉദ്യോഗസ്ഥർ നികുതി സ്വീകരിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ വ്യാജ ഒസ്യത്തിൽ കരം സ്വീകരിച്ചത് ജയശ്രീ ഫോണിലൂടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.

ജയശ്രീ ഈ വിഷയത്തിൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ക്രമക്കേടുകൾ കൂടുതൽ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതോടെ കൂടത്തായ് കേസിൽ ഇവർ ശരിക്കും കുടുങ്ങും.

മുൻ വില്ലേജ് ഓഫീസർക്കും സെക്ഷൻ ക്ലാർക്കിനും എതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും ഉറപ്പായി. ജില്ലാ കളക്ടർ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകുന്നതോടെ ഇവർക്കെതിരെ നടപടി എടുക്കും. കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരിൽ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥർക്കു പിഴവുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽപെട്ട റോയ് തോമസ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 9വർഷമാവുകയാണ്. ആത്മഹത്യയെന്നു പൊലീസ് എഴുതിത്ത്ത്തള്ളിയ കേസിലാണ് ഒടുവിൽ റോയിയുടെ ഭാര്യ ജോളി തന്നെ പ്രതിയായി വന്നിരിക്കുന്നത്.