സ്വന്തം മകളെ കഴുത്തിൽ കത്തിവെച്ച് പീഢിപ്പിച്ച പിതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: പന്ത്രണ്ടു വയസുള്ള സ്വന്തം മകളെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. രണ്ടു വർഷമായി ഒളിവിലായിരുന്ന അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്. 2015 മുതൽ 2016 വരെ മകളെ പലതവണ പീഡിപ്പിച്ചതറിഞ്ഞ് നാട്ടുകാരാണ് സ്‌കൂൾ അധികൃതരെ ആദ്യം വിവരമറിയിച്ചത്. അതിനെതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2016ൽ കേസെടുത്തു. ഇതിനു ശേഷം ഷാജഹാൻ നാട്ടിൽ നിന്ന് മുങ്ങി. കോയമ്പത്തൂരിലും സേലത്തും തിരുപ്പൂരിലും ഒളിവിൽ കഴിഞ്ഞു. ലൈംഗികമായി അച്ഛൻ പീഢിപ്പിക്കുന്ന വിവരം കുട്ടി ആദ്യം പറഞ്ഞത് അമ്മയോടായിരുന്നു. എന്നാൽ, അമ്മ അച്ഛനെ സംരക്ഷിക്കാൻ ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു. അമ്മയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതിയായ ഷാജഹാനെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പൊലീസ് ഇടപ്പെട്ട് പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പ്രതി ഷാജഹാനെ കോടതി റിമാൻഡ് ചെയ്തു.