
ഖത്തറില്‍ സ്‌കൂള്‍ അടച്ച് പൂട്ടി, കേരളത്തിലോ? മിന്‍സയെ പോലെ അതിദാരുണമായി പൊലിഞ്ഞ പിഞ്ചോമനകള്‍ ഇവിടെയുമുണ്ട്; ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹലയും നീതി ലഭിക്കാത്ത മറ്റനേകം കുഞ്ഞുങ്ങളും..!
സ്വന്തം ലേഖകന്‍
കോട്ടയം: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി മിന്‍സ, സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ച സംഭവത്തിന്റെ നടുക്കം നാടിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചിലേക്ക് ഭീതിയുടെ കനല് കോരിയിട്ട ദാരുണ സംഭവം. രാവിലെ സ്‌കൂളിലേക്ക് ഒരുക്കി വിട്ട കുഞ്ഞിനെ വൈകുന്നേരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുന്ന ചിത്രം ഓര്‍ക്കാന്‍ പോലും കഴിയില്ല. അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്ന മിന്‍സയുടെ കുടുംബത്തിനെ ആശ്വാസിപ്പിക്കാന്‍ വാക്കുകള്‍ പോലുമില്ല. സ്‌കൂള്‍ ബസ് ജീവനക്കാരുടെ നിസ്സാരമായ അശ്രദ്ധയാണ് മിന്‍സയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം.
സംഭവം നടന്നത് ഖത്തറിലായത് കൊണ്ട് സോഷ്യല്‍ മീഡിയയിലെ അനുശോചനക്കുറിപ്പില്‍ കാര്യം തീര്‍ന്നില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് അതീവപ്രാധാന്യമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസമന്ത്രാലയം ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ കുഞ്ഞു ജീവന് പകരമാകില്ല മറ്റൊന്നും എന്നിരുന്നാലും എത്ര പെട്ടെന്നാണ് അധികൃതര്‍ നടപടിയെടുത്തത്. ആരും സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ കൊടിയുമായി തെരുവിലിറങ്ങിയില്ല. ആരും കുറ്റക്കാരെ ന്യായീകരിച്ച് രംഗത്ത് വന്നില്ല. ആ നാട് ഒറ്റക്കെട്ടായി നിന്നത് മിന്‍സയ്‌ക്കൊപ്പമാണ്, അവളുടെ കുടുംബത്തിനൊപ്പമാണ്. സ്‌കൂള്‍ അടച്ച് പൂട്ടിയ നടപടി മാതൃകാപരമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ച മലയാളികള്‍ ഒരു പത്ത് വയസുകാരിയെ ഓര്‍ക്കുന്നുണ്ടോ?
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്ന ആയിഷയുടെയും മകള്‍ ഷഹ്ല. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങള്‍. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്ലയെ കടിച്ചത്. സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും പാമ്പുകടിയേറ്റ കുട്ടിക്കു യഥാസമയം അടിയന്തര ചികിത്സ ലക്ഷ്യമാക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ക്ക് സംഭവിച്ച വന്‍വീഴ്ചയാണ് കുട്ടിയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണം.
സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സ്‌കൂളിലെ ക്ലാസ്മുറികളിലുള്ള കുഴികള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ചെരിപ്പിടാതെ ക്ലാസ് മുറിയിലിരിക്കണമെന്ന തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. പിന്നീട്, പിടിഎയെ പഴിചാരി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. ക്‌ളാസിലുണ്ടായിരുന്നത് വലിയ ദ്വാരങ്ങളായിരുന്നു. അവ അടക്കേണ്ടത് പി.ടി.എയുടെ പണി ആണ്. പിടിഎയ്ക്കു എന്തായിരുന്നു പണി. കുട്ടി മരിച്ചതിന് കാരണം സ്‌കൂളല്ല. സ്‌കൂള്‍ തല്ലിതകര്‍ത്തത് തെറ്റാണ്. ഇത്രയും പറഞ്ഞ് അദ്ദേഹവും കളമൊഴിഞ്ഞു.
ഷഹലയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത് പോലും സഹപാഠിയാണ്. ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞതെന്ന് മാധ്യമങ്ങളോട് സങ്കോചം കൂടാതെ പറഞ്ഞ നിദ ഫാത്തിമ. നിദയിലൂടെയാണ് ഷെഹ്ലയ്ക്കു സംഭവിച്ചതെന്താണെന്നും അധ്യാപകന്റെ അനാസ്ഥ ഷെഹ്ല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്. സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ ഫാത്തിമ സംസാരിച്ചിരുന്നു.
ഷഹലയുടെ മരണത്തിന് പിന്നാലെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കനന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിക്കിനും സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റു. ശരിയായ സമയത്ത് ചികിത്സ കിട്ടിയത് കൊണ്ടുമാത്രം കുട്ടി ഇന്നും ജീവനോടെയിരിക്കുന്നു.
മാതാപിതാക്കള്‍ തമ്മില്‍ നിരന്തരമുള്ള വഴക്കില്‍ മനംനൊന്ത് പാമ്പാടി കുന്നേപ്പാലത്ത് ഏഴാംക്ലാസ്സ് വിദ്യാര്‍ഥി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് അഞ്ച് മാസം മുന്‍പാണ്. കുന്നേപ്പാലം അറയ്ക്കല്‍പറമ്പില്‍ ശരത്ത് ചന്ദ്രന്റെ മകന്‍ മാധവ് എസ് നായര്‍(13) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയില്‍ പത്താംക്ലാസുകാരി റയാന്‍ സൂസന്‍മേരി ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതും നടുക്കത്തോടെയാണ് നാട് കേട്ടത്.
അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ അച്ഛനെ പേടിച്ച് ഒളിച്ചിരുന്ന നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചത് രണ്ട് മാസം മുന്‍പാണ്. മദ്യപിച്ചെത്തുന്ന അച്ഛന്റെ മര്‍ദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റാണ് സുഷ്വിക മരിച്ചത്.
കുറച്ച് നാളത്തെ ബഹളങ്ങള്‍ക്കൊടുവില്‍ വിസ്മൃതിയിലേക്ക് മറഞ്ഞ് പോകേണ്ടവരല്ല ഈ കുഞ്ഞുങ്ങളും ഇതില്‍ പരാമര്‍ശിക്കാത്ത മറ്റനേകം കുഞ്ഞുങ്ങളും. ചോക്ക് വലിച്ചെറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ കാഴ്ചയും ഭാവിയും ഇരുട്ടിലാക്കിയ അധ്യാപിക വരെയുള്ള നാട്ടിലിരുന്ന് കൂടുതല്‍ എന്ത് പറയാന്‍? മറക്കരുത്, സ്റ്റേറ്റിന്റെ സ്വത്തും ഉത്തരവാദിത്വവുമാണ് ഓരോ കുഞ്ഞുങ്ങളും.