
ഷഹബാസ് വധക്കേസിൽ പിടിയിലായവരെ വധിക്കുമെന്ന് ഊമക്കത്ത്: പരീക്ഷ തീരും മുൻപേ കുട്ടികൾ കൊല്ലപ്പെടുമെന്നാണ് കത്തിലെ ഭീഷണി: പരീക്ഷാ കേന്ദ്രം മാറ്റി സുരക്ഷയൊരുക്കാൻ പോലീസ്.
താമരശ്ശേരി: വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളിലേക്ക് ഊമക്കത്ത്.
ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതി സാധാരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്.
സ്കൂള്‍ അധികൃതർ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്കൂളില്‍നിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഉള്ളടക്കത്തിലെ പരാമർശങ്ങള്‍ പരിശോധിക്കുമ്ബോള്‍ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടർന്ന് അവസാനദിവസം ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും.
താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്.
അക്രമത്തിനും ഗൂഢാലോചനയിലും പ്രേരണ നല്‍കിയെന്ന് തെളിയുന്നവരെ കൂടി കേസില്‍ പ്രതിചേർക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ച കഴിഞ്ഞാല്‍ പിന്നെ 17 വരെ എസ്.എസ്.എല്‍.സി പരീക്ഷയില്ലാത്തതിനാല്‍ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.