കോഴിക്കോട് : താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികള്‍ക്ക് ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി കോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നത് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടി.
മുൻനിശ്ചയപ്രകാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സ്വീകരിച്ചത്. ഇതിനിടെയാണ് കുറ്റാരോപിതരായ ആറു വിദ്യാർഥികളുടെ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാനും അവർക്ക് ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാനും സൗകര്യം ഏർപ്പെടുത്താൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
കോടതി ഉത്തരവനുസരിച്ച് അഡ്മിഷൻപോർട്ടല്‍ ഒരുദിവസംകൂടി തുറക്കാൻ ഹയർസെക്കൻഡറി ജോ. ഡയറക്ടർ (അക്കാദമിക്) ആണ് നിർദേശം നല്‍കിയത്. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിർദേശിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group